ട്രാൻസ് ജെൻഡർ എന്നതിന് പകരം മലയാളപദം കണ്ടെത്താനുള്ള അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിക്ക് പകരം വാക്ക് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഉദ്യമം അവസാനിപ്പിച്ചത്. അനുയോജ്യമായ ഒരു പദം കണ്ടെത്തുന്നതുവരെ ‘ട്രാൻസ്ജെൻഡർ ’ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധ സമിതി അംഗം ശ്യാമ എസ്. പ്രഭ വ്യക്തമാക്കി. ഇത് വനിതാ - ശിശുവികസന വകുപ്പിനെ അറിയിക്കും. ട്രാൻസ് വുമൺ, ട്രാൻസ്മാൻ എന്നീ പ്രയോഗങ്ങളും മലയാളത്തിൽ ഉപയോഗിക്കാം.
നിരവധി തവണ സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും ഭാഷാ വിദഗ്ധരും ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന സമിതിക്ക് അംഗീകരിക്കാനാവുന്ന പദം കണ്ടെത്താനായില്ല
വനിതാ - ശിശുവികസന വകുപ്പിന്റെ നിർദേശം അനുസരിച്ച് ട്രാൻസ് ജെൻഡർ സമൂഹത്തെ വിശേഷിപ്പിക്കാൻ അനുയോജ്യമായ പദം തേടി എട്ട് മാസം മുൻപ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതുപ്രകാരം പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു. ട്രാൻസ് ജെൻഡർ സമൂഹവും ഭാഷാ ഇൻസ്റ്റ്യൂട്ടിന്റെ നിർദേശത്തെ സ്വാഗതം ചെയ്തു. വാക്ക് അന്തിമമാക്കുന്നതിനായി വിദഗ്ദ്ധ സമിതിയെയും ചുമതലപ്പെടുത്തി. രണ്ടായിരത്തിലധികം മലയാളം പദങ്ങൾ പരിശോധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.
നിരവധി തവണ സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും ഭാഷാ വിദഗ്ധരും ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന സമിതിക്ക് അംഗീകരിക്കാനാവുന്ന പദം കണ്ടെത്താനായില്ല. ചില വാക്കുകളുടെ അന്തിമ ചുരുക്ക പട്ടിമ രൂപീകരിച്ചെങ്കിലും പേരുകളുടെ പുല്ലിംഗവും സ്ത്രീലിംഗവും വിമർശനങ്ങൾ ഉയർത്തി. തുടർന്ന് ട്രാൻസ്ജെൻഡർ പ്രതിനിധികൾ മാത്രമുള്ള കമ്മിറ്റിക്കു തീരുമാനം വിട്ടു. എന്നാൽ അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചില്ല.
"ലഭിച്ച 2000 വാക്കുകളിൽ ഭൂരിഭാഗവും രാഷ്ട്രീയമായി തെറ്റായിരുന്നു. ബാക്കിയുള്ളവ ട്രാൻസ് ജെൻഡർ സമൂഹത്തെ നിന്ദിക്കുന്നതിന് സമാനമായിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങൾ നിരവധി മീറ്റിങ്ങുകൾ നടത്തിയെങ്കിലും പദം കണ്ടെത്താനായില്ല. പല പദങ്ങളും സ്ത്രീ കേന്ദ്രീകൃതമായിരുന്നു, ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയെ പൂർണ്ണമായി ഉൾക്കൊള്ളുന്നതിൽ അവ പരാജയപ്പെട്ടു. " ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം സത്യൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിപുലമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ജെൻഡർ നിഘണ്ടു തയാറാക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.