ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ ഡിഎന്‍എ പരിശോധനക്കായി രക്ത സാമ്പിൾ ശേഖരിക്കുന്നതിന് പ്രതിയുടെ സമ്മതം ആവശ്യമില്ലന്ന് ഹൈക്കോടതി. പതിനഞ്ച്കാരി ജന്മം നൽകിയ പെൺകുഞ്ഞിൻ്റെ പിതൃത്വം തെളിയിക്കാൻ രക്ത സാമ്പിൾ ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്.
ബലാത്സംഗ കേസുകളിൽ ആവശ്യം വന്നാൽ, ഇരയുടേയും പ്രതിയുടേയും ഡിഎൻഎ പരിശോധന നടത്താൻ 2005 ലെ ക്രമിനൽ നടപടി ചട്ടത്തിലെ ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണകുമാർ മാലിക് കേസിലടക്കം സുപ്രീംകോടതിയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന ബലാത്സംഗ കേസിൽ തെളിവായും ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിഎൻഎ പരിശോധന ബലാത്സംഗ കേസിൽ തെളിവായും ഉപയോഗിക്കാമെന്നും കോടതി
1997ൽ പതിനഞ്ച്കാരിയെ സ്വന്തം വീട്ടിലടക്കം എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹർജിക്കാരൻ. ഇയാൾ ഒളിവിൽ പോയതിനാൽ കേസിൽ വിചാരണ നടന്നിരുന്നില്ല. പിന്നീട് കീഴടങ്ങിയതിനെ തുടർന്ന് വിചാരണ നടപടികൾ ആരംഭിച്ചു. പ്രതിയുടെ ഡിഎൻഎ പരിശോധനക്ക് രക്ത സാമ്പിൾ ശേഖരിക്കാനും ലൈംഗിക ശേഷി പരിശോധന നടത്താനുമുള്ള പോലിസിന്റെ ആവശ്യo വിചാരണ കോടതി അനുവദിക്കുകയും ചെയ്യുകയായിരുന്നു.
പിതൃത്വ പരിശോധന ഫലം ബലാത്സംഗ കേസിൽ ഉപയോഗിക്കാവുന്ന തെളിവാണ്. പതിനഞ്ചര വയസ് മാത്രമുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗമാണ്. അതിനാൽ, ഡിഎൻഎ പരിശോധനക്ക് പ്രാധാന്യമുണ്ടെന്നുമാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
അന്തിമ റിപ്പോർട്ട് നൽകി കോടതി കുറ്റം ചുമത്തിയ ശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഉത്തരവിടാൻ കീഴ്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം കേസിൽ പ്രതി തന്നെ തെളിവുകൾ നൽകണമെന്ന് പ്രതിയെ നിർബന്ധിക്കാനാവില്ല. അങ്ങിനെ തെളിവു നൽകുന്നതിൽ നിന്ന് ഭരണഘടന സംരക്ഷണം നൽകുന്നതിനാൽ ഡിഎൻഎ പരിശോധനക്ക് രക്ത സാമ്പിൾ നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടുകയായിരുന്നു.