ശബരിമലയില്‍ ആർക്കും പ്രത്യേക പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നിലയ്ക്കല്‍ എത്തിയാല്‍ എല്ലാവരും ഭക്തര്‍മാത്രമാണ്. പ്രത്യേക ദര്‍ശന സൗകര്യമുണ്ടെന്ന് പരസ്യം ചെയ്യരുതെന്നും കോടതി പറഞ്ഞു. ശബരിമല തീർത്ഥാടകരെ കൊണ്ടുപോകാൻ നിലയ്‌ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന സ്വകാര്യ കമ്പനിയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. സന്നിധാനത്തേക്കുള്ള പ്രവേശന നിയന്ത്രണത്തിനുള്ള മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും കോടതി നിർദേശിച്ചു.
ശബരിമലയും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാണ്. ഹെലിപാഡ് താത്ക്കാലിക സംവിധാനം മാത്രമാണ്. അവിടെ പതിവ് സര്‍വീസ് നടത്തുന്നത് അവസാനിപ്പിക്കണം. അത്യാവശ്യ ഘട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റേയും പോലീസ് മേധാവിയുടേയും അനുമതിയോടെ മാത്രമേ ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താവൂ. ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘എൻഹാൻസ് ഏവിയേഷൻ സർവീസസ്’ എന്ന കമ്പനിയാണ് ശബരിമല തീർത്ഥാടകരെ കൊണ്ടുപോകാൻ നിലയ്‌ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന് പരസ്യം നൽകിയത്. ‘ഹെലി കേരള’ എന്ന വെബ് സൈറ്റിലാണ് പരസ്യം ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു.
പരസ്യം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും നേരത്തെ നിർദേശം നൽകിയ കോടതി പരസ്യം നീക്കം ചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും സ്ഥാപനത്തോടും നിർദേശിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും നിലപാടുകളും കോടതി തേടിയിരുന്നു.