KERALA

സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗം തേടാത്ത ബജറ്റ്; കേരളത്തെ അവഗണിച്ചെന്ന് പരക്കെ വിമര്‍ശനം

വെബ് ഡെസ്ക്

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നേരിട്ടത് കടുത്ത അവഗണനയെന്ന് പരക്കെ വിമര്‍ശനം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് എതിരെ രംഗത്തെത്തി. കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് കൈക്കൊള്ളുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റ് നിര്‍ദേശങ്ങളെന്നും മുഖ്യന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ റെയില്‍വേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജിഎസ്ടി നഷ്ടപരിഹാരവും റവന്യുകമ്മി ഗ്രാന്റുമടക്കം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പ്രത്യേക സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് വീണ്ടും അവഗണന നേരിടേണ്ടി വന്നിരിക്കുകയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജിഎസ്ടി വരുമാനത്തിൽ സംസ്ഥാന വിഹിതം 50:50 അനുപാതത്തിൽ നിന്ന് 60:40 ആയി ഉയർത്തണമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു.

കടമെടുപ്പ് പരിധി ഉയര്‍ത്തുക, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുക, കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കേരളം മുമ്പോട്ട് വെച്ചിരുന്നു.

സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ക്കുള്ള അനുമതി, ശബരിപാത, നേമം--കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി -മൈസൂരു, കാഞ്ഞങ്ങാട്- പാണത്തൂര്‍-കണിയൂര്‍ പാതകള്‍ എന്നീ പദ്ധതികള്‍ക്കുള്ള അംഗീകാരം തുടങ്ങിയവും കേന്ദ്രത്തെ അറിയിച്ചിരുന്നു. അമൃത എക്‌സ് പ്രസസിന്റെ സേവനം രാമേശ്വരം വരെ നീട്ടുക, എറണാകുളം-വേളാങ്കണ്ണി പുതിയ ട്രെയിനുകള് അനുവദിക്കുക, നേമം കോച്ചിങ് ചെര്‍മിനല്‍ എന്നീ ആവശ്യങ്ങളും കേരളം മുമ്പോട്ട് വച്ചിരുന്നെങ്കിലും ബജറ്റ് അവതരണത്തില്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍എച്ച്ബി കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

കേന്ദ്രബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭരണ വര്‍ഗ താത്പര്യവും പാവങ്ങളോടുള്ള സമീപനവുമാണ് തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിലൂടെ കാണാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളത് എന്ന് പ്രതിക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്റെ മുഖമുദ്രയാണ്, ഇതാണ് ബജറ്റില്‍ ആവര്‍ത്തിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്‍ കേരളത്തിന് ബജറ്റ് വന്‍നിരാശയാണ് നല്‍കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ സമ്പന്നരുമാക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആരോപിച്ചു. അതിസമ്പന്നരുടെ നികുതിയിലുള്ള സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്നും 25 ശതമാനം ആക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു. അതേസമയം സാധാരണക്കാര്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എല്‍ ഐ സി തുടങ്ങിയവയുടെ ഓഹരിയിലുണ്ടായ ഇടിവ് ബജറ്റിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകര്‍,യുവജനങ്ങള്‍, തൊഴില്‍രഹിതര്‍ തുടങ്ങി സാധാരണക്കാരെ നിരാശരാക്കിയെന്നും സുധാകരന്‍ പറഞ്ഞു.പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിച്ചിരിക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. മൂലധന നിക്ഷേപം 33% വര്‍ധിച്ചിരിക്കുന്നത് യുവാക്കള്‍ക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നുവര്‍ഷം സ്‌റ്റൈഫന്റോടെ പരിശീലനം നല്‍കുന്നത് തൊഴിലന്വേഷകര്‍ക്ക് വലിയ ആശ്വാസകരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്