KERALA

പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും

ദ ഫോർത്ത് - തിരുവനന്തപുരം

നിയമസഭയിലെ സംഘര്‍ഷവും എംഎല്‍എമാര്‍ക്കെതിരായ കേസും പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തെ ഇന്നും പ്രക്ഷുബ്ധമാക്കിയേക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെ കേസെടുത്ത നടപടി അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. രാവിലെ ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ബുധനാഴ്ച നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം മൂലം വ്യാഴാഴ്ച സഭാനടപടികള്‍ പൂര്‍ണമായി തടസപ്പെട്ടിരുന്നു. സഭയുടെ നടപടികള്‍ തടസപ്പെടാതിരിക്കാന്‍ പ്രതിഷേധം തണുപ്പിക്കുന്നതിന് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗവും തീരുമാനം ആയിരുന്നില്ല. യോഗവും പ്രതിപക്ഷ ഭരണപക്ഷ വാക്കേറ്റത്തിലാണ് കലാശിച്ചത്.

നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്രമണത്തിന് ഇരയായ പ്രതിപക്ഷ എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ഡെപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും നല്‍കിയ പരാതികളില്‍ ജാമ്യം ഇല്ലാത്ത വകുപ്പുകളുമാണ് ചുമത്തിയത്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം പോലീസും നീതി നിഷേധത്തിന് കൂട്ട് നില്‍ക്കുന്നതായി എംഎല്‍എമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം പരിശോധിച്ച് നടപടി എടുക്കുമെന്നാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ നിലപാട്. സമാന്തര സഭ ചേര്‍ന്നതില്‍ നടപടി വേണമെന്ന നിലപാടില്‍ ഭരണപക്ഷം ഉറച്ച് നില്‍ക്കുകയാണ്.

നിയമസഭയിലെ സംഘര്‍ഷമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. സ്പീക്കറുടെ അടക്കം അനുമതിക്ക് കിട്ടിയതിന് ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നടക്കുന്നതായാണ് വിവരം.

തുടര്‍ച്ചയായി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് സാധ്യത. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ പ്രക്ഷോഭം കൂടുതല്‍ കടുക്കാനാണ് യുഡിഎഫ് തീരുമാനം. സ്വന്തം ഭാഗത്തുനിന്നുണ്ടാകുന്ന ജാള്യതകള്‍ മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.

അതേസമയം, സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമായി തുടരുന്ന സാഹചര്യത്തില്‍ സഭാ ടിവിയുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ആബിദ് ഹുസൈന്‍ തങ്ങള്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവര്‍ ഇന്ന് സ്പീക്കര്‍ക്ക് രാജി നല്‍കിയേക്കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും