KERALA

പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസമായെന്ന് മറിയക്കുട്ടി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ഹര്‍ജിയില്‍ സര്‍ക്കാരിനോടും അടിമാലി ഗ്രാമപഞ്ചായത്തിനോടും ഹൈക്കോടതി വിശദീകരണം തേടി

നിയമകാര്യ ലേഖിക

അഞ്ചുമാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും അടിമാലി ഗ്രാമപഞ്ചായത്തിനോടും ഹൈക്കോടതി വിശദീകരണം തേടി. പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടുണ്ടെന്നും ഇനി കേന്ദ്രവിഹിതം ലഭിക്കുന്നില്ലെങ്കില്‍ അതിന് നിര്‍ദേശം നല്‍കണമെന്നും പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നും മുടക്കം വരുത്തരുതെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്.

ജൂലൈ മാസം വരെയുള്ള പെന്‍ഷനാണ് ഇതുവരെ ലഭിച്ചതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുക്കുന്നുണ്ടെന്നും ഇതുവരെ പിരിച്ച തുകയില്‍നിന്ന് പെന്‍ഷന്‍ നല്‍കാവുന്നതാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നയത്തിയത് വലിയ ചര്‍ച്ചയായിരുന്നു. യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് സിപിഎം മുഖപത്രം 'ദേശാഭിമാനി' വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെ വാര്‍ത്തയില്‍ 'ദേശാഭിമാനി' ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ 'ദേശാഭിമാനി'യില്‍ വന്ന വാര്‍ത്ത പിശകാണെന്നും ഖേദപ്രകടനത്തില്‍ പറഞ്ഞു. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും 'ദേശാഭിമാനി' വിശദീകരിച്ചു.

മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും 'ദേശാഭിമാനി' അറിയിച്ചു. 'ദേശാഭിമാനി' വാര്‍ത്തയ്ക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ