KERALA

സ്പീക്കറുടെ പരാമർശം: ശബരിമല പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ച് സുകുമാരന്‍ നായരുടെ ഭീഷണി; എ കെ ബാലനും അധിക്ഷേപം

വെബ് ഡെസ്ക്

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വീണ്ടും എന്‍എസ്എസ്. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ചാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം. സ്പീക്കറെ പിന്തുണച്ച എ കെ ബാലനെയും ജി സുകുമാരന്‍ നായര്‍ അധിക്ഷേപിച്ചു.

ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചുപ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന് സമാനമാകും പ്രതിഷേധമെന്നും ഇത് സൂചനയാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

''കേരളത്തിലെ ഏല്ലാ മതങ്ങളെയും ശരിവച്ചുകൊണ്ട് മുന്നോട്ടുപോകുന്ന പാരാമ്പര്യമാണ് ഹൈന്ദവന്റേത്. ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് അപമാനിക്കാന്‍ ശ്രമിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരും. എല്ലാ ഹിന്ദു സംഘടനകളും ആര്‍എസ്എസും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. അതിനൊടൊപ്പം എന്‍എസ്എസ്സും യോജിച്ച് പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി മുന്നില്‍നിന്ന സംഘടനയാണ് എന്‍എസ്എസ്. അതിന് സമാനമായ രീതിയില്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നില്‍ നില്‍ക്കും,'' എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

എന്‍എസ്എസ് ബിജെപിക്ക് എതിരല്ലെന്നും വിഷയത്തില്‍ ബിജെപി ഈ വിഷയത്തിൽ നല്ല സമീപനമെടുത്തുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ''ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ഞങ്ങള്‍ ആരെയും ആക്രമിക്കുന്നില്ല. പ്രാര്‍ത്ഥന മാത്രം. ഞങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. നായന്മാർ ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉണ്ട്. ബിജെപിയുടെ ഭാഗത്തുനിന്ന് നല്ല വാക്കുകൾ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. നാമജപ ഘോഷയാത്ര നടക്കുന്നത് വിശ്വാസികളുടെ പ്രതികരണമായിട്ടാണ്,'' സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി മുന്നില്‍ നിന്ന സംഘടനയാണ് എന്‍എസ്എസ്. അതിന് സമാനമായ രീതിയില്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നില്‍ നില്‍ക്കും
ജി സുകുമാരൻ നായർ

എഎന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ എന്നാല്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ഷംസീര്‍ മാപ്പ് പറയണമെന്നാണ് ആവശ്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കറെ പിന്തുണച്ച എ കെ ബാലനെ അധിക്ഷേപിച്ചുകൊണ്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സംസാരിച്ചത്. ബാലന്‍ നുറുങ്ങുതുണ്ടെന്നും അദ്ദേഹത്തിന് ആര് മറുപടി പറയുമെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കി എന്‍എസ്എസ് ഇന്ന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കുകയാണ്. വിവിധയിടങ്ങളില്‍ നാമജപഘോഷയാത്രയും നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ ജനറല്‍ സെക്രട്ടറി താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും