KERALA

അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

വെബ് ഡെസ്ക്

ജാതി സംവരണാവശ്യത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് നായർ സർവീസ് സൊസൈറ്റി. ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിന് വേണ്ടിയുള്ള മുറവിളിയെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെയും ജാതി സംവരണത്തിനെതിരെ എൻ എസ് എസ് രംഗത്തെത്തിയിരുന്നു. ജാതി സംവരണം അവസാനിപ്പിക്കണമെന്നും സമ്പന്നർ ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുകയാണെന്നുമായിരുന്നു അന്ന് ആരോപിച്ചിരുന്നത്.

ജാതി സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ ജാതി സംവരണം പ്രധാന ചർച്ചാവിഷയമാക്കാൻ 'ഇന്ത്യ' മുന്നണി തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 13ന് ഡൽഹിയിൽ ചേർന്ന വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ ഏകോപന സമിതി യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാതി സംവരണം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പുറത്തുവന്നതും ചർച്ചകൾക്ക് കരുത്തുപകർന്നു.

ജാതി സെൻസസ് നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും സെൻസസിനുശേഷം വലിയ വികസനമുണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്നമാണെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ഈ മാസം ആദ്യമാണ് ബിഹാറിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവന്നത്. 13 കോടിയുളള സംസ്ഥാനത്തെ ജനസംഖ്യയിൽ 36 ശതമാനവും അതിപിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നാണ് സെൻസസ് കണക്കുകൾ. 27.12 ശതമാനം പേർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും 19.7 ശതമാനം പട്ടിക ജാതി വിഭാഗത്തിൽപെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 15.52 ശതമാനമാണ് സംവരണേതര വിഭാഗത്തിൽപ്പെടുന്ന മുന്നാക്ക വിഭാഗം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും