KERALA

'നവകേരള സമരം പൊളിക്കാന്‍ പോലീസ് ഫോണ്‍ ചോര്‍ത്തി'; എന്‍എസ്‌യുഐ നേതാവ് ഹൈക്കോടതിയിലേക്ക്

റഹീസ് റഷീദ്

പോലീസ് അനധിക്യതമായി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി എന്‍എസ്‌യുഐ നേതാവ് എറിക് സ്റ്റീഫന്‍. ഡ്രോണ്‍ വാങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ എറിക്കിനെ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡി. എന്‍എസ്‌യുഐ ദേശീയ സെക്രട്ടറിയാണ് എറിക്.

ഡ്രോണ്‍ വില്‍ക്കുന്ന ഏതൊക്കെ കമ്പനികളുമായി സംസാരിച്ചു, എന്താണ് സംസാരിച്ചത്, കമ്പനിയുടെ ഏത് പ്രതിനിധിയുമായാണ് സംസാരിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് തേടിയത്. എന്നാല്‍ ഫോണ്‍ ചോര്‍ത്താതെ ഇത്തരം വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നാണ് എറിക്കിന്റെ ചോദ്യം. അനധിക്യതമായി ഫോണ്‍ ചോര്‍ത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സര്‍വീസ് പ്രൊവഡൈറായ എയര്‍ടെലിനും പരാതി നല്‍കുമെന്നും എറിക് പറഞ്ഞു.

തുടക്കത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ച എറിക്കിനെതിരെ ഇന്ന് വലിയതുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാനുള്ള എറിക്കിൻറെ തീരുമാനം അറിഞ്ഞതിന് ശേഷമാണ് പോലീസിൻറെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായത്.

ഡ്രോൺ വാങ്ങാൻ സമീപിച്ച കമ്പനികൾക്കെല്ലാം പോലീസ് ഇന്നലെ നോട്ടീസ് നൽകിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെ ഡ്രോൺ ഉപയോഗിച്ച് പ്രതിഷേധം നടത്താൻ തീരുമാനിച്ച എറിക്കിനോ ഒപ്പമുള്ളവർക്കോ ഡ്രോൺ വിൽപ്പന നടത്തരുതെന്നാണ് നോട്ടീസിലുള്ളത്. ഡ്രോൺ നൽകിയാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്. ഇതും അസാധാരണ നടപടിയാണെന്നാണ് എറിക്കിൻറെ വാദം.

നിയമപരമായ ഫോൺ ചോർത്തലിനു വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. എന്നാൽ കേരള പോലീസ് സൈബർ ഡോമിന്റെ സഹായത്തോടെ അനധികൃതമായി ഫോൺ ചോർത്തുന്നുവെന്ന ആരോപണം സേനയ്ക്കുള്ളിൽ തന്നെ പാട്ടാണ്. ഇത്തരം ചോർത്തലുകളെപ്പറ്റി മൊബൈൽ സർവിസ് പ്രൊവൈഡർമാർ പോലും അറിയാറില്ല.

കേസിനെപ്പറ്റി തിരക്കിയപ്പോൾ ഡ്രോൺ ഉപയോഗിച്ച് പ്രതിഷേധം നടത്താനുള്ള നീക്കമറിഞ്ഞ് ഫോൺ കാൾ വിവരങ്ങൾ പരിശോധിച്ചതാണെന്നാണ് പോലീസിൻറെ വിശദീകരണം. ഫോൺ ചോർത്തിയിട്ടില്ലെന്നും എറിക്കിനൊപ്പമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിവരം നൽകിയതെന്ന് പോലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ദ ഫോർത്തിനോട് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും