KERALA

തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കിൽ; അടിയന്തര സേവനങ്ങളും ബഹിഷ്ക്കരിക്കും

ദ ഫോർത്ത് - കൊച്ചി

തൃശൂർ ജില്ലയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ മുതൽ പണിമുടക്കും. 72 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് നടത്തിയ സമരങ്ങളിലെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് മൂന്ന് ദിവസത്തെ സമരത്തിലേക്ക് നീങ്ങുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി ദ ഫോറത്തിനോട് പറഞ്ഞു. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മാനേജ്‍മെന്റ് അസോസിയേഷനുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.

ദിവസ വേതനം 1500 രൂപയാക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, രോഗി - നഴ്‌സ്‌ അനുപാതം നിയമപരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം.

സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ, ഐ സി യു അടക്കമുള്ള അടിയന്തര സേവനങ്ങളും നഴ്സുമാർ ബഹിഷ്‌ക്കരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി . മുൻപ് സമരങ്ങൾ നടക്കുമ്പോൾ മനുഷ്യത്വത്തിന്റെ പേരിൽ അടിയന്തര സേവനങ്ങൾക്ക് നഴ്സുമാരെ അയക്കാറുണ്ടായിരുന്നു. എന്നാൽ അത് ആശുപത്രികൾ മുതലെടുക്കുകയായിരുനെന്നും അതിനാലാണ് ഇത്ര കർക്കശമായി സമരത്തിനിറങ്ങുന്നതെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി പ്രതികരിച്ചു. വരും ദിവസങ്ങളിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സംഘടനയുടെ തീരുമാനം.

ആവശ്യങ്ങൾ അംഗീകരിച്ച ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃശൂരിലെ അമല, സൺ, മലങ്കര ആശുപത്രികൾ, നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ആശ്വാസം നൽകാൻ തയ്യാറായിരുന്നു. അടിയന്തര സാഹചര്യം വന്നാൽ രോഗികളെ ഈ ആശുപത്രികളിലേക്ക് അയക്കുമെന്നും ഇവിടെ ജോലി ചെയ്യാൻ 30 അംഗ എമർജൻസി ടീമിനെയും തയ്യാറാക്കിയിട്ടുണ്ടെന്നും നഴ്സുമാരുടെ സംഘടന പ്രതിനിധികൾ അറിയിച്ചു. സമരം പ്രഖ്യാപിച്ചതോടെ കൂടുതൽ ആശുപത്രികൾ ചർച്ചയ്ക്ക് തയ്യാറായി എത്തിയിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു.

ദിവസ വേതനം 1,500 രൂപയാക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, രോഗി - നഴ്‌സ്‌ അനുപാതം നിയമപരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. ഇതിന് മുൻപും ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരം നടത്തിയെങ്കിലും അനുകൂല സമീപനമൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും നഴ്സുമാർ പറയുന്നു. ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ആർ ജെ എൽ സിയുടെയും തൃശ്ശൂർ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളും ലക്ഷ്യം കണ്ടില്ല.

അതേസമയം സമരത്തിനെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മാനേജ്‍മെന്റ് അസോസിയേഷനുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കൃത്യമായ മുന്നറിയിപ്പോടെ നടത്തുന്ന സമരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കാൻ ആവില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?