സ്പീക്കർ സ്ഥാനമൊഴിഞ്ഞ എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചുമതലയേറ്റതിന് ശേഷം മാത്രമെ വകുപ്പുകൾ ഏതൊക്കെയെന്നതിൽ അന്തിമ തീരുമാനമുണ്ടാകൂ.
എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷിനെ ഉൾപ്പെടുത്തിയത്. രാജേഷിന് പകരം തലശ്ശേരി എംഎല്‍എ എ എൻ ഷംസീറാണ് സ്പീക്കറാകുക. സെപ്റ്റംബർ 12നാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയമസഭാ മണ്ഡലത്തെയാണ് എം ബി രാജേഷ് പ്രതിനിധീകരിക്കുന്നത്. രണ്ട് തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച രാജേഷ്, സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.