സമരപ്പന്തലില്‍ സരുണും കുടുംബവും 
KERALA

ആദിവാസി യുവാവിനെതിരായ കള്ളക്കേസ് ഒതുക്കി തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം; നീതി ഉറപ്പാക്കണമെന്ന് കുടുംബം

വെബ് ഡെസ്ക്

കട്ടപ്പന ഉപ്പുതറയിലെ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ആക്ഷേപം. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, സമര സമിതി ചെയര്‍മാന്റെ അക്കൗണ്ടിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ നിക്ഷേപിച്ചു. നിരാഹാര സമരത്തിലായിരുന്ന സരുണിന്റെ കുടുംബത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേദിവസം ചികിത്സാ സഹായമെന്ന പേരിലാണ് ഫോറസ്റ്റ് വാര്‍ഡന്‍ രാഹുല്‍ അക്കൗണ്ടിലേക്ക് പണം ഇട്ടതെന്ന് സമര സമിതി ചെയര്‍മാന്‍ മോഹനന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട ആറ് ഉദ്യോഗസ്ഥരെ വനം വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും സരുണിനെതിരായ കേസ് പിന്‍വലിക്കണമെന്നുമാണ് സമരസമിതിയുടെയും കുടുംബത്തിന്റെയും ആവശ്യം.

പണം നിക്ഷേപിച്ചതിന്റെ രേഖ

സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി വിറ്റുവെന്നാരോപിച്ച് സരുണിനെതിരെ കേസെടുത്തത്. കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സരുണിനെ അറസ്റ്റ് ചെയ്തത്. സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് വില്‍പ്പനയ്ക്കു കൊണ്ടുപോയ കാട്ടിറച്ചി കണ്ടെത്തിയെന്നായിരുന്നു കേസ്. എന്നാല്‍, സംഭവം നടന്നതായി മഹസറില്‍ പറയുന്ന സമയത്തിന് തൊട്ടുമുന്‍പ് സരുണ്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പറഞ്ഞയച്ചതായിരുന്നു. തുടര്‍ന്ന് ബസില്‍ സരുണ്‍ വാഗമണ്ണിലേക്ക് യാത്ര തിരിച്ചു. ഈ സമയത്ത് സരുണിന്റെ ഓട്ടോയില്‍നിന്ന് കാട്ടിറച്ചി കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ്

അതേസമയം, വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് സരുണിന്റെയും കുടുംബത്തിന്റെയും ആരോപണം. സരുണിന്റെ ഓട്ടോയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് കാട്ടിറച്ചി കൊണ്ടുവച്ച ശേഷം കണ്ടെടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍, യാത്രയിലാണെന്ന് തെളിയിക്കുന്നതിനായി ബസ് ടിക്കറ്റ് കാണിച്ചെങ്കിലും വനംവകുപ്പ് സംഘം അത് നശിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. കുറ്റം സമ്മതിക്കാത്തിനാല്‍ സരുണിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയിരുന്നു. സരുണിന്റെ മാതാപിതാക്കളായ സജിയുടെയും നിര്‍മലയുടെയും സമരം അഞ്ച് ദിവസം പിന്നിട്ടതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.

സംഭവം വിവാദമായതിന് പിന്നാലെ, ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ ബി രാഹുലിനെയും സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനെയും സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസ് വ്യാജമാണെന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി മന്ത്രിയും സമ്മതിച്ചു. പിന്നാലെ, സംഭവത്തില്‍ ഉള്‍പ്പെട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ വി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലെനിന്‍ വി സി, ഷിജിരാജ് എന്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ്, ഫോറസ്റ്റ് വാച്ചര്‍മാരായ മോഹനന്‍ കെ എന്‍, ജയകുമാര്‍ കെ ടി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ സജിയും നിര്‍മലയും സമരസമിതിയും സമരം അവസാനിപ്പിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുകകയാണ്.

മേസ്തിരി തൊഴിലാളിയാണ് സജി. നിര്‍മല തൊഴിലുറപ്പ് തൊഴിലാളിയും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ മറ്റു ജോലികളും ചെയ്യുന്നത്. കണ്ണംപടി ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായ സരുണ്‍ ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ നിന്ന് പ്ലസ്ടുവും കട്ടപ്പന ഗവ. കോളജില്‍ നിന്ന് ബികോമും പാസായി. രണ്ട് പിഎസ്‌സി റാങ്ക് പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനിടെയാണ് വനം വകുപ്പിന്റെ കള്ളക്കേസില്‍ കുടുങ്ങുന്നത്. കേസും അറസ്റ്റും അതിനെ തുടര്‍ന്നുള്ള നിയമ നടപടികളുമൊക്കെ സരുണിന്റെ ജീവിത സ്വപ്‌നങ്ങള്‍ക്ക് തന്നെയാണ് നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി വേണമെന്നാണ് സരുണിന്റെയും സമര സമിതിയുടെയും ആവശ്യം. വനം വകുപ്പ് എടുത്ത കേസ് പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കില്‍ സരുണിന്റെ ജോലി സാധ്യതകളെ അത് ഇല്ലാതാക്കുമെന്ന കാര്യവും സമര സമിതി ചൂണ്ടിക്കാട്ടുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്