കോഴിക്കോട് ട്രെയിൻ തീവയ്പ് കേസ് അന്വേഷണത്തിനായി റെയിൽവേ പോലീസ് ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തി. കോഴിക്കോട് റെയിൽവേ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് വിമാനമാർഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന യുപി സ്വദേശിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാനായാണ് യാത്ര. പ്രതിയെ കുറിച്ച് നിർണായക വിവരം ലഭിച്ചെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ദക്ഷിണ റെയിൽവേ ഐജി ഈശ്വര റാവു വ്യക്തമാക്കി. അന്വേഷണത്തിനായി കണ്ണൂരിലെത്തിയ അദ്ദേഹം തീവയ്പുണ്ടായ D1, D2 ബോഗികൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ കോച്ചുകളിൽ സിസിടിവി സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ദക്ഷിണ റെയില്‍വെ ഐജി വ്യക്തമാക്കി.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് കിട്ടിയ ബുക്കിൽ സ്ഥലപ്പേരുകൾ കുറിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വ്യാപകമായ അന്വേഷണം നടത്തുന്നത്. ബസ് സ്റ്റാന്‍ഡുകളിലും ഹോട്ടലുകളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിയിടങ്ങളിലും പരിശോധനയ്ക്ക് പോലീസിന് നിര്‍ദേശം ലഭിച്ചു.
ബോഗികളിൽ നിന്ന് കിട്ടുന്ന തെളിവുകൾ കേസിൽ നിർണായകമാകുമോ എന്നും പരിശോധിക്കുന്നുണ്ട്. D1, കോച്ചിലാണ് കൂടുതലും പെട്രോളൊഴിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. D2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരുക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ തിരിച്ചറിയാനാകൂ. സീല്‍ ചെയ്ത കോച്ചുകളില്‍ പരിശോധന തുടരുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണത്തിലിടപെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നുള്ള അംഗങ്ങളുമുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. ക്രമസമാധാനവിഭാഗം എഡിജിപി എം ആർ അജിത് കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.
ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ബൈജു പൗലോസിന് പുറമെ കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ സംഘത്തിലുണ്ട്. വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.