കേരളം ഓണത്തിരക്കിലേക്ക് തിരിയുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഓണ ചന്തകള്‍ ഒരുങ്ങി. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ സംസ്ഥാനത്ത് 2000 കര്‍ഷക ഓണ ചന്തകള്‍ പ്രവര്‍ത്തിക്കും. കൃഷി വകുപ്പിന്റെ 1076 വിപണികള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ 764 വിപണികള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ.) 160 വിപണികള്‍ എന്നിവ ഉള്‍പ്പെടെയാണിത്.
മൊത്ത വ്യാപാര വിലയേക്കാള്‍ 10 ശതമാനവും ജൈവ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും അധിക വില നല്‍കിയാണ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്.
കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കുന്ന നാടന്‍ ഉത്പന്നങ്ങളാണ് വിപണികള്‍ വഴി ജനങ്ങളിലേക്കെത്തിക്കുന്നത്. മൊത്ത വ്യാപാര വിലയേക്കാള്‍ 10 ശതമാനവും ജൈവ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും അധിക വില നല്‍കിയാണ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ചില്ലറ വ്യാപാര വിലയെക്കാള്‍ 30 ശതമാനം താഴ്ത്തിയായിരിക്കും പഴവും പച്ചക്കറികളും നല്‍കുക.
'കര്‍ഷകരില്‍ നിന്നു നേരിട്ട് ഉപഭോക്താക്കളിലേക്ക്'
'കര്‍ഷകരില്‍ നിന്നു നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ടാഗ് ലൈനോടു കൂടിയാണ് കര്‍ഷകച്ചന്തകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് പഴം, പച്ചക്കറികള്‍ എന്നിവ സംഭരിച്ച് ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം. വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുകയും ചെയ്യുന്ന വിപണി ഇടപെടല്‍ പദ്ധതികൂടിയാണ് കര്‍ഷക ചന്തകള്‍.