ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടലില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു. ചിറ്റിടിച്ചാലില്‍ സോമന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സോമന്റെ അമ്മ 80 വയസ്സുള്ള തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ ഏഴുവയസ്സുള്ള മകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്‍, ഭാര്യ ഷിജി എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍. ഇവരുടെ വീട് ഉരുള്‍പ്പൊട്ടലില്‍ പൂര്‍ണമായും ഒലിച്ചുപോയി.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍ പൊട്ടിയത്. കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജെസിബി ഉപയോഗിച്ചാണ് ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി.
ഇന്നലെ രാത്രി മുതല്‍ ഇവിടെ അതിശക്തമായ മഴയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. സോമന്റെ വീടിന് സമീപത്തെ മറ്റൊരു വീടിന് കൂടി അപകടത്തില്‍ കേടുപാടുകള്‍ പറ്റി.
കനത്തമഴ തുടരുന്നതിനാല്‍ പ്രദേശവാസികളെ കുടയത്തൂര്‍ തകിടി എല്‍പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മഴ തുടരുന്നതിനാല്‍ മലയോര പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമായിരുന്നില്ലെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. രാത്രിയോടെയാണ് മഴ കനത്തത്. അതിനാല്‍ തന്നെ വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.