കേരളത്തിലെ കുട്ടികൾക്കിടയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള മൂന്നിൽ രണ്ട് കുട്ടികളും ഡെങ്കിപ്പനി ബാധിതരാകുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വിശദാംശങ്ങളുള്ളത്.
എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 5,326 കുട്ടികളിൽ നടത്തിയ രക്തപരിശോധനയിലാണ് ഡെങ്കുവിന്റെ സാന്നിധ്യം കണ്ടെത്തിയത്
സംസ്ഥാനത്തെ കുട്ടികള്‍ക്കിടയിലെ ഡെങ്കിപ്പനി പകര്‍ച്ചവ്യാധിയുടെ തോത് 29 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നത്. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 5,326 കുട്ടികളിൽ നടത്തിയ രക്തപരിശോധനയിലാണ് ഡെങ്കുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ച കുട്ടികള്‍ക്ക് രണ്ടാമതും അസുഖം ബാധിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയതലതത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഗുജറാത്ത്, കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഡെങ്കി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ജില്ലാതല കണക്കുകള്‍ കൃത്യമല്ലെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ 60 ശതമാനം കുട്ടികൾക്കും ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകൾ
ഇന്ത്യയിലെ 60 ശതമാനം കുട്ടികൾക്കും ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകൾ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. ഇതാണ് കേരളത്തിലെ കൂടിയ കണക്കുകള്‍ക്ക് പിന്നിലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ടി എസ് അനീഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ട് ചെയ്യുന്നതിലും കൂടുതല്‍ കേസുകള്‍ രാജ്യത്തുണ്ടെന്നും കൃത്യമായ രോഗ പ്രതിരോധത്തിനായി വാകസിനേഷന്‍ ഉറപ്പാക്കണമെന്നും ഡോക്ടര്‍
പഠനത്തിന് തിരഞ്ഞെടുത്ത കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും 1,2 (DENVI 1 , DENVI2) ഡെങ്കി വൈറസുകളിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 2017ല്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഈ രണ്ട് ഡെങ്കി വൈറസുകളായിരുന്നു കൂടുതല്‍ രോഗികളിലും കണ്ടെത്തിയത്. ഡെങ്കി വൈറസിന്റെ മറ്റൊരു വകഭേദമായ DENVI 3, DENVI കേരളത്തിലെ നാല് ജില്ലകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ഡെങ്കിപ്പനിയുടെ അടുത്തഘട്ടത്തിന് കാരണമാകുമെന്നും ഡോ. അനീഷ് വ്യക്തമാക്കി.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും കൂടുതല്‍ കേസുകള്‍ രാജ്യത്തുണ്ടെന്നും കൃത്യമായ രോഗ പ്രതിരോധത്തിനായി വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. പ്രായം കൂടുന്നുവരിൽ ഡെങ്കിപ്പനിയുടെ അപകട സാധ്യത വര്‍ധിക്കുന്നു. കൂടാതെ 90 ശതമാനത്തിലധികം പേര്‍ക്കും അസുഖത്തെ കുറിച്ച് അവബോധമില്ലെന്നും കണ്ടെത്തലുണ്ട്.