KERALA

പി വി അൻവറിന്റെ പാർക്ക്: കുട്ടികളുടേത് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താതെ ചിൽഡ്രൻസ് പാർക്ക് ഏരിയ പ്രവർത്തിപ്പിക്കാൻ സർക്കാർ ആഗസ്റ്റ് 21ന് അനുമതി നൽകിയെന്നാരോപിച്ച് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ടി വി രാജൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് മുരളീ പുരുഷോത്തമനാണ് നിർദേശം നൽകിയത്. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുമുണ്ട്. വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.

11 ഏക്കറോളം വരുന്ന സ്ഥലത്തിൽ ഒരേക്കറിൽ താഴെ മാത്രമുള്ള കുട്ടികളുടെ പാർക്ക് ഏരിയ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സമീപവാസികളെ ബാധിക്കുന്നതാണെന്നും വിലയിരുത്തി റവന്യു അധികൃതരാണ് പാർക്ക് അടച്ചു പൂട്ടാൻ നേരത്തെ നിർദേശിച്ചിരുന്നത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പിവിആർ നേച്ചർ പാർക്ക് തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നൽകിയ അനുമതിയിലാണ് ടി വി രാജൻ കോടതിയെ സമീപിച്ചത്. പാർക്ക് വീണ്ടും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്