ദേശീയ ഉദ്യാനങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റും പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വനപ്രദേശത്തിന് പുറത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ പാരിസ്ഥിതിക സംവേദക മേഖലകളായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ച യോഗത്തിന്റെ നടപടിക്കുറിപ്പാണ് പുറത്തായത്.
സര്‍ക്കാര്‍ തീരുമാനിച്ചത് ജനവാസ മേഖലയെ ഒഴിവാക്കാനാണെന്ന് കോൺഗ്രസിന്റെ മറുപടി
ബഫര്‍സോണ്‍ വിഷയം സര്‍ക്കാരിനെതിരായ സമരായുധമാക്കി മുന്നോട്ട് പോകാനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്കിടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനം പുറത്തായത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ജനവാസ മേഖലയെ ഒഴിവാക്കാനാണെന്നാണ് കുറിപ്പ് പുറത്തായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മറുപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിശ്ചയിച്ച ബഫര്‍സോണ്‍ മേഖലയില്‍ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം അന്ന് എടുത്തെങ്കിലും അതിനു ആവശ്യമായ രേഖകള്‍ കേന്ദ്രത്തിന് യഥാസമയം സമര്‍പ്പിച്ചില്ല. കേന്ദ്ര വിദഗ്ദ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.