എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.
രാവിലെ 7.30 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര 20 കിലോമീറ്ററുകൾ താണ്ടിയത് അഞ്ച് മണിക്കൂറുകൾ കൊണ്ടാണ്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി വാഹനം എംസി റോഡ് വഴിയാണ് കടന്നുപോകുന്നത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ കുടുംബാംഗങ്ങൾക്കൊപ്പം രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് അടക്കമുളള നേതാക്കളും അനുഗമിക്കുന്നുണ്ട്. ഇല്ലാ ഇല്ലാ മരിക്കില്ലാ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ പ്രവർത്തകർ യാത്രയാക്കിയത്. വിലാപയാത്രയോടനുബന്ധിച്ചു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദർശനവും തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്കും കൊണ്ടുപോകും. നാളെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ 3.30നാണ് സംസ്കാരം. ചടങ്ങിൽ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
പൊതുദർശനത്തോടനുബന്ധിച്ച് ഇന്ന് കോട്ടയത്തെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
പൊതുദർശനത്തോടനുബന്ധിച്ച് ഇന്ന് കോട്ടയത്തെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി, ഇന്നലെ പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം,12 തവണയും നിയമസഭയിലേക്കുമെത്തിയത് സ്വന്തം മണ്ഡലമായ പുതുപ്പളളിയിൽ നിന്നുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനത്തിന് വച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. തലസ്ഥാനം വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണ് ഇന്നലെ ഉച്ച മുതൽ കടന്നു പോയത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ എത്തിയവർക്ക് കണ്ണീരണിയാതെ മടങ്ങാനായില്ല.