ബജറ്റിലെ നികുതി വര്‍ധനയ്ക്കെതിരെ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സഭാ കവാടത്തില്‍ നാല് എംഎല്‍എമാര്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യുൽ നടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹ സമരത്തിലേക്ക് കടന്നത്. ബജറ്റ് പൊതു ചര്‍ച്ചയ്ക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരപ്രഖ്യാപനം നടത്തിയത്.
സഭയ്ക്ക് പുറത്തും ശക്തമായ സമരത്തിലേക്ക് കടക്കാനാണ് സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് മാർച്ചും 13ന് യുഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാപകൽ സമരവും നടത്തും. സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഇന്ധന വില വർധന പിൻവലിപ്പിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.
അതിനിടെ നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനം കത്തിച്ച് പ്രതിഷേധിച്ചു. മാര്‍ച്ചിനിടെയാണ് വാഹനം കത്തിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കടുത്ത ജനരോഷവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയും പരിഗണിച്ച് സര്‍ക്കാര്‍ ഇന്ധന സെസ് കുറയ്ക്കാനാണ് സാധ്യത. പൊതു ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കുമ്പോള്‍ ഒരു രൂപ കുറച്ച് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.