KERALA

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, തെക്കന്‍ കേരളത്തില്‍ മഴ കനക്കും

ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

വെബ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലിവിലുണ്ട്. ഈ ദിവസങ്ങളില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യഥാക്രമം യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞേയ്ക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണമെന്നും മുന്നറിയിപ്പ് പറയുന്നു. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കടല്‍ പ്രക്ഷുബ്ധമായേക്കും. എന്നാല്‍ കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി