KERALA

ആറ് പള്ളികള്‍ ഉടന്‍ ഏറ്റെടുക്കണം, ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച് കോടതി

കളക്ടറെയും ചീഫ് സെക്രടറിയേയും വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഓര്‍ത്തഡോക്‌സ് - യാക്കോബായ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച് ഹൈക്കോടതി. തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികള്‍ ഏറ്റെടുക്കാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. ഒരാഴ്ചയ്ക്കകം പള്ളികള്‍ ഏറ്റെടുത്തില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാകളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറിക്കും കോടതി വാക്കാല്‍ മുന്നറയിപ്പ് നല്‍കി.

കോടതി ഉത്തരവ് ഉത്തരവ് കാലതാമസം കൂടാതെ പാലിച്ചില്ലെങ്കില്‍ കലക്ടര്‍മാരെയും സംസ്ഥാന ചീഫ് സെക്രട്ടറിയെയും വിളിപ്പിക്കേണ്ടിവരുമെന്നാണ് ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയത്. പള്ളി ഏറ്റെടുക്കല്‍ ഒരാഴ്ചയ്ക്കകം നടക്കണമെന്നും ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കോടതിയില്‍ സമയം ചെലവഴിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പറഞ്ഞു.

തര്‍ക്കത്തിലുള്ള ആറ് പള്ളികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ഓഗസ്റ്റ് 30 ന് കോടതി ഉത്തരവിറക്കിയിരുന്നു. ഓടക്കാലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, പുള്ളിത്താനം സെന്റ് ജോണ്‍സ് ബെസ്ഫേജ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, മഴവന്നൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി എന്നിവയുടെ ഉടമസ്ഥാവകാശം എറണാകുളം കലക്ടര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഓഗസ്റ്റ് 30ലെ ഉത്തരവ്. ഇതേ ഉത്തരവില്‍ പാലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, മംഗലം ഡാം, എറിക്കിന്‍ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി എന്നിവ ഏറ്റെടുക്കാന്‍ ഹൈക്കോടതി പാലക്കാട് ജില്ലാ കലക്ടറോടും നിര്‍ദേശിച്ചിരുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ കളക്ടര്‍മാരെ സഹായിക്കാന്‍ മതിയായ പോലീസുകാരെ വിന്യസിക്കാന്‍ യഥാക്രമം എറണാകുളം, പാലക്കാട് ജില്ലാ പോലീസ് മേധാവികളോടും നിര്‍ദ്ദേശിച്ചിരുന്നു.

യാക്കോബായ ഇടവകക്കാരുടെ തടസ്സത്തെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ (ഓര്‍ത്തഡോക്സ് വിഭാഗം) അംഗങ്ങളെ പള്ളികളില്‍ പ്രവേശിപ്പിക്കാനും സമാധാനപരമായി പ്രാര്‍ഥന നടത്താനും അനുവദിക്കണമെന്ന 2022 ലെ കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ഉണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റ് 30 ന് ഉത്തരവ്. കേസില്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച അടുത്ത വാദം കേള്‍ക്കും.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍