KERALA

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ തുടരന്വേഷണത്തിന് അനുമതി; രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം

കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ സംഘത്തിൽ നാലാമത് ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു

വെബ് ഡെസ്ക്

ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ അംഗീകരിച്ചത്. ഒപ്പം കേസിലെ രണ്ടാം പ്രതിയായ അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലാമത് ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഈ സംശയം ദൂരീകരിക്കാനാണ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയത്. 16 ദിവസമാണ് തുടരന്വേഷണത്തിനുള്ള സമയം. ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് തുരന്വേഷണ അപേക്ഷ കോടതിയിൽ സമർപ്പിച്ചത്. കേസിലെ മൂന്നാം പ്രതി അനുപമ പത്മന് വിദ്യാഭ്യാസ ആവശ്യത്തിനായി അടുത്തിടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27 നാണ് ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. സഹോദരന്‍ ജോനാഥനൊപ്പം വീട്ടില്‍നിന്നു ട്യൂഷനു പോയപ്പോഴാണു കുട്ടിയെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍.

കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയെ പ്രതികള്‍ ഇവരുടെ വീട്ടിലാണു താമസിപ്പിച്ചത്. കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് 10 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളിലുടെയും മറ്റും വ്യാപക ജനശ്രദ്ധ വന്നതോടെയും പോലീസ് ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതോടെയും പ്രതികള്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നാലെ തന്നെ പ്രതികൾ മൂന്ന് പേരും പോലീസിന്റെ പിടിയിൽ ആയി.

ഒരു വർഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലായിരുന്നു അനുപമ. പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്.

വീഡിയോകളിലൂടെ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു അനുപമ. ബെംഗളുരുവില്‍ എല്‍ എല്‍ ബി പഠിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. അനുപമയാണു കേസിലെ പ്രധാന ആസൂത്രകയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണെന്നുമായിരുന്നു അനുപമ ബോധിപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ