'ഒറ്റപ്പെട്ട ഒരു പെണ്‍കുട്ടിയെ ഒരു ദിവസം ആഘോഷിക്കാം എന്നതിനപ്പുറം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല എന്നതാണ് നിരാശ. എനിക്ക് നേരെ ബസില്‍ അതിക്രമമുണ്ടാകുന്നത് 23 വര്‍ഷത്തിന് മുൻപാണ്. ഇന്നും ഞാന്‍ എന്തോ തെറ്റ് ചെയ്തു എന്ന് പ്രചരിപ്പിക്കാനാണ് ചില സംഘടനാ നേതാക്കള്‍ക്ക് താത്പര്യം. ഇപ്പോഴും അവരുടെ പക തീര്‍ന്നിട്ടില്ല. രാഷ്ട്രീയ വിധേയത്വം ഇല്ലാത്ത സ്ത്രീകള്‍ക്ക് സുരക്ഷിതമായി നില്‍ക്കാവുന്നത്ര സ്ത്രീസാഹോദര്യമുള്ളതല്ല ഇവിടുത്തെ ഭരണകൂടവും രാഷ്ട്രീയ സംഘടനകളും സ്ത്രീസംരക്ഷകരെന്ന് പറയുന്ന സംവിധാനങ്ങളും.'
ബസിനുള്ളില്‍ തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ ചെറുത്ത് നിന്ന് പോരാടിയയാളാണ് പി ഇ ഉഷ. കഴിഞ്ഞ ദിവസം എറണാകുളത്ത് സിനിമാപ്രവര്‍ത്തകയായ യുവതി അതിക്രമം നേരിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉഷ.
കേരളത്തില്‍ ഒട്ടേറെ ചര്‍ച്ചയായ കേസാണ് പി ഇ ഉഷയുടേത്. 1999ലാണ് കേസിനാസ്പദമായ സംഭവം. കെ എസ് ആര്‍ ടി സി ബസില്‍ തന്നെ അതിക്രമിച്ചയാള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരികയും നീതിക്കായി വര്‍ഷങ്ങള്‍ പോരാടുകയും ചെയ്തയാണ് പി ഇ ഉഷ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന ഉഷയെ രാത്രി ബസ് യാത്രയ്ക്കിടെ ഒരാള്‍ ലൈംഗികമായി അതിക്രമിച്ചു. പിന്നീട് നീണ്ടനാളത്തെ പോരാട്ടത്തിനൊടുവില്‍ പ്രതി ശിക്ഷിക്കപ്പെട്ടു.
'എന്നാല്‍ ഇപ്പോഴും സ്ത്രീകള്‍ അകത്തും പുറത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും കാണാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി മേല്‍ക്കോയ്മ തന്നെയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. കണ്ടക്ടര്‍ ഒരു പാര്‍ട്ടിയുടെ അനുഭാവിയായതുകൊണ്ടാണ് ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ നല്ല ഇടപെടലുണ്ടായത് എന്ന് പലരും പറയുന്നത് കേട്ടു. അയാള്‍ ചെയ്തത് നല്ല കാര്യം തന്നെ. എന്നാല്‍ ആ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? സ്‌കൂട്ടറില്‍ പോയ വീട്ടമ്മ അതിക്രമത്തിനിരയായി. ഇതുവരെ പ്രതിയെ കണ്ടുപിടിച്ചിട്ടില്ല. അനസ്‌തേഷ്യ നല്‍കി മയക്കി അതിക്രമമുണ്ടായി. അത് ചെയ്തയാളെ രക്ഷിക്കാന്‍ സംഘടനകള്‍ തന്നെ ശ്രമിക്കുന്നു. തിരുവനന്തപുരം സംഭവത്തില്‍ ആ സ്ത്രീ താമസം മാറേണ്ടി വന്നു. കോഴിക്കോട് ആശുപത്രിയില്‍ അതിക്രമം നേരിട്ടവരുടെ അടുത്തേക്ക് സംഘടനകള്‍ ഉള്‍പ്പെടെ ഒത്തുതീര്‍പ്പിന് വന്നു. അപ്പോള്‍ ആ സ്ത്രീയ്ക്കുണ്ടാവുന്ന ജാള്യത ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവരെല്ലാം അങ്ങേയറ്റം നിസ്സഹായരാണ്. നിലനില്‍ക്കുന്ന സംവിധാനമോ ഭരണകൂടമോ അവരെ സഹായിക്കുന്നതേയില്ല.'
എറണാകുളത്തെ ബസില്‍ നടന്ന സംഭവത്തില്‍ പോലും പരാതിയുണ്ടോ എന്ന് കണ്ടക്ടര്‍ ചോദിക്കേണ്ടതില്ല എന്നാണ് തോന്നുന്നത്. ആ പെണ്‍കുട്ടി പ്രതികരിക്കുകയായിരുന്നല്ലോ. ബസില്‍ നടന്ന ആ സംഭവത്തില്‍ കണ്ടക്ടര്‍ അത്തരത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടയാളുമാണ്. അത് മാതൃകയായ പെരുമാറ്റം എന്ന് പറഞ്ഞ് ആഘോഷിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.
'എന്റെ കേസില്‍ അഞ്ചാമത്തെ തവണ അന്വേഷണം വന്നപ്പോള്‍ പോലും അന്വേഷണം തൃപ്തികരമല്ല എന്നാണ് എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ പറഞ്ഞത്. എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് സംഘടനകളുടേയും സംവിധാനങ്ങളുടേയും പിന്‍ബലമുണ്ട്. സ്ത്രീകള്‍ അടക്കം അംഗങ്ങളായ സംഘടനകളാണ് പ്രതികളെ സംരക്ഷിക്കുന്നത് എന്നോര്‍ക്കണം. എറണാകുളത്തെ പെണ്‍കുട്ടിയുടെ വിഷയത്തില്‍ പലരും പലതും പറയുന്നത് കേട്ടു. രണ്ട് സ്ത്രീകളുടെ നടുവില്‍ വന്നിരിക്കാന്‍ എന്തിന് അനുവദിച്ചു, അവസാനം വരെ ടോളറേറ്റ് ചെയ്തതെന്തിനാണ്, ഇത് ഒരു രോഗമല്ലേ തുടങ്ങിയ പല കമന്റുകളും കണ്ടു. രോഗമാണെങ്കില്‍ ആരാണ് ചികിത്സിക്കേണ്ടത്? ആരുടെയെങ്കിലും രോഗാവസ്ഥ സ്ത്രീകള്‍ സഹിക്കണം എന്ന് പറയാന്‍ പറ്റില്ലല്ലോ.'
സ്വാതന്ത്ര്യമെന്നത് മനസ്സില്‍ തോന്നണം. സ്വതന്ത്രവും സുരക്ഷിതവുമായാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നതെന്ന തോന്നല്‍ സ്ത്രീകളുടെ മനസ്സില്‍ ഉണ്ടാകണം. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്തരമൊരു തോന്നല്‍ ഉണ്ടായിട്ടില്ല. നിര്‍ജ്ജീവമോ ഉപയോഗശൂന്യമോ ആയ പൊളിറ്റിക്കല്‍ അസൈലങ്ങളാണ് ഇവിടുത്തെ വനിതാ സംരക്ഷണ സംവിധാനങ്ങള്‍. ഒരു ഇമോജി പോലും ഇല്ലാത്തവരാണ് ഒറ്റയ്ക്ക് നടക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്ത്രീകള്‍. ഒറ്റയ്ക്ക് സ്ത്രീകളെ കാണുമ്പോള്‍ അപൂര്‍ണത തോന്നുന്ന മധ്യവര്‍ഗ മൂല്യങ്ങളാണ് നയിക്കുന്നത്. ദൃശ്യമോ അദൃശ്യമോ ആയ വേലികളാണ് സ്ത്രീകള്‍ക്ക് ചുറ്റും ഇപ്പോഴുമുള്ളത്. കേരളത്തിന് നമ്പറൊന്നും ആരും ഇടാന്‍ വരണ്ട. എന്തോ ഇവിടെ വലിയ പരിഷ്‌ക്കാരം നടന്നു എന്ന ഫീല്‍ കൊണ്ടുവന്നിട്ടുണ്ട്. മറ്റേ കേരളം പോലെയല്ല ഈ കേരളം എന്നാണ് പറച്ചില്‍. എന്നിട്ട് ഇത്ര അരക്ഷിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് എങ്ങനെയാണ് ജീവിക്കേണ്ടി വരുന്നത്?' പി ഇ ഉഷ ചോദിക്കുന്നു.