മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി പി എം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും തിരിച്ചടി. ഇവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതി തള്ളി. ഇരുവരും വിചാരണ നേരിടണം.
കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു 2023 ജനുവരിയിലായിരുന്നു പി ജയരാജനും ടി വി രാജേഷും എറണാകുളം സി ബി ഐ സ്‌പെഷ്യല്‍ കോടതിയില്‍ സംയുക്തമായി ഹര്‍ജി നല്‍കിയത്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടി വി രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവാവുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി ജയരാജനും ടി വി രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പി ജയരാജന്റെ വാഹന വ്യൂഹത്തിനുനേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ തടങ്കലില്‍ വെച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ച് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന് വാദിച്ചു കൊണ്ടായിരുന്നു പി ജയരാജനും ടി വി രാജേഷും വിടുതല്‍ ഹർജി നല്‍കിയിരുന്നത്.
വിടുതല്‍ ഹർജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക അഡ്വ. മുഹമ്മദ് ഷാ മുഖേന കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയിൽവെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഡലോചനയില്‍ പങ്കെടുത്ത 2 പേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന കോള്‍ ഡേറ്റ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നും ഗൂഢാലോചന നേരിട്ട് കണ്ട ദൃക്സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും അഡ്വ. മുഹമ്മദ് ഷാ സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. ഇരുഭാഗം വാദം കേട്ട ശേഷമാണ് കേസില്‍ ജയരാജനുംരാജേഷും വിചാരണ നേരിടണമെന്ന് കണ്ടെത്തി ഇരുവരുടെയും വിടുതല്‍ ഹര്‍ജി സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി പി ശബരിനാഥന്‍ തള്ളിയത്.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിനു നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു.
ടി വി രാജേഷ്, പി ജയരാജന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പോലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജിയില്‍ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്കു വിടുകയായിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആറ് പേരടക്കം 33 പേരാണ് കേസിലെ പ്രതികള്‍.
അതേസമയം, സിബിഐ കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പി ജയരാജൻ അറിയിച്ചു. നിയമവിദഗ്‌ധരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നു ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.