അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. കേസില്‍ കെപിസിസി നേതൃത്വം ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇക്കാര്യം വ്യക്തമാക്കുന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചു.
കള്ളക്കേസിൽ കുടുക്കിയെന്ന ഷഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പോലീസിനെ വിരട്ടിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസിൽ പ്രതിചേർത്തതെന്നായിരുന്നു ഷഫീറിന്റെ പരാമർശം. ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21ന് എറണാകുളം സിബിഐ സ്പെഷ്യൽ കോടതി വാദത്തിനെടുക്കാനിരിക്കെയാണ് പുതിയ നീക്കം.
വിടുതൽ ഹർജിയെ എതിർത്തുകൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷികളുള്ളതാണെന്നും ഗൂഢാലോചനയിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നുമാണ് ഷുക്കൂറിന്റെ മാതാവ് കോടതിയെ അറിയിച്ചത്.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിനു നേരെ മുസ്ലീംലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പോലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു.
ടി വി രാജേഷ്, പി ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പോലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിൽ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു.