എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണങ്ങൾ നിഷേധിച്ച് ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകിയത് നിയമപരമായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറുമെന്നാണ് വിവരം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ചർച്ചയായതോടെ ദിവ്യയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ദിവ്യയ്ക്കെതിരെ നടപടികൾക്കൊന്നും പോലീസ് മുതിർന്നിട്ടില്ല.
പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ ടി വി പ്രശാന്തന് പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ടിയുള്ള നിരാക്ഷേപ പത്രത്തിനായി നവീൻ ബാബുവിനെ സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്റെ കയ്യിൽനിന്ന് 98,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തൻ ആരോപിച്ചത്. ഈ സംഭവമായിരുന്നു ദിവ്യയും യാത്രയയപ്പ് ചടങ്ങിൽ ഉന്നയിച്ചത്. ഈ വാദങ്ങളെല്ലാം കള്ളമാണെന്നാണ് നിലവിൽ അന്വേഷണം റിപ്പോർട്ട് തെളിയിക്കുന്നത്.
നവീൻ ബാബുവിനെതിരെ ആരോപണമുന്നയിക്കാൻ ദിവ്യയ്ക്ക് അവസരമൊരുക്കി കൊടുത്തതിൽ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. നവീൻ ബാബുവിനെതിരായ ആരോപണത്തിൽ പി പി ദിവ്യയ്ക്കൊപ്പം കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയനറെ മൊഴി. എന്നാൽ ദിവ്യ ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ മുൻപാകെ മൊഴി നൽകിയിട്ടില്ല. നവീൻ ബാബു ആത്മഹത്യ ചെയ്തിട്ട് ഒരാഴ്ച തികയുമ്പോഴാണ് റിപ്പോർട്ട് പുറത്തുവരുന്നത്.