KERALA

'ഷാഫി പറമ്പിലിന് പാർട്ടി വഴങ്ങി'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനപരിശോധിക്കണമെന്ന് പി സരിൻ, നേതൃത്വത്തിന് രൂക്ഷവിമർശനം

വെബ് ഡെസ്ക്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പി സരിൻ. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്റെ പേരും സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തില്‍ സരിൻ ഉന്നയിച്ചത്. കോണ്‍ഗ്രസ് വിടുമോ, അല്ലെങ്കില്‍ സിപിഐഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോയെന്ന കാര്യത്തില്‍ സരിൻ വ്യക്തത വരുത്തിയില്ല.

ഞാന്‍ പറയുന്ന ആള്, എന്‍റെ ആള് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനമാണ് പാർട്ടിയില്‍ നടക്കുന്നതെന്ന് സരിൻ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായതായും സരിൻ കൂട്ടിച്ചേർത്തു. തന്നെ സ്ഥാനാർഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനയച്ച കത്തടക്കം വാർത്താസമ്മേളനത്തില്‍ സരിൻ വായിച്ചു.

പാലക്കാട് 2021 നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർഥിയായ ഇ ശ്രീധരന് വോട്ടുലഭിച്ചത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൊണ്ടുകൂടിയാണെന്നും സരിൻ പറഞ്ഞു. തന്റെ വിദ്യാഭ്യാസ യോഗ്യത അത്രത്തോളമില്ലെങ്കിലും തന്നെ പാലക്കാടെ ജനങ്ങള്‍ക്കറിയാമെന്നും അതിനാല്‍ പരിഗണിക്കണമെന്നും സരിൻ ഹൈക്കമാൻഡിനയച്ച കത്തില്‍ പറയുന്നു.

"രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പുനപരിശോധിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചടിയുണ്ടാകുന്നത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്കായിരിക്കും. പുനപരിശോധനക്ക് ശേഷം രാഹുലാണ് നല്ല സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാല്‍ പകുതി വിജയം ഉറപ്പിക്കാം. സ്ഥാനാർഥി ചർച്ചകള്‍ കേവലം പ്രഹസനം മാത്രമാണ്, രാഹുലിനെ സ്ഥാനാർഥിയായി നേരത്തെ തീരുമാനിച്ചതാണ്," സരിൻ വ്യക്തമാക്കി.

തന്റെ കാഴ്ചപ്പാടുകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താൻ പാർട്ടി തയാറാകണം. ധൈര്യമില്ലാത്ത പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് മുഖവും ശബ്ദവും കൊടുക്കുകയാണ് ഞാന്‍. പാർട്ടി ശരിയായ തീരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് സീറ്റുകിട്ടാത്തതുകൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നതെന്നും സരിൻ കൂട്ടിച്ചേർത്തു.

സിപിഎം സ്വതന്ത്രനാകുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പിക്കട്ടെ എന്നായിരുന്നു സരിൻ നല്‍കിയ മറുപടി. വേദനകൊണ്ടാണ് പ്രതികരിക്കുന്നതെന്നും തോറ്റശേഷം ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സരിൻ ചോദിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ പാലക്കാട് മുൻ എംപി രമ്യ ഹരിദാസും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലുമാണ് സ്ഥാനാർഥികള്‍. കേരളത്തില്‍ നവംബർ 13നാണ് ഉപതിരഞ്ഞെടുപ്പ്.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്