KERALA

'അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം നിസാരമല്ല, സമുന്നത നേതാവിന്റെ മകൻ'; ചർച്ചയായി പത്മജയുടെ പഴയ പോസ്റ്റ്

വെബ് ഡെസ്ക്

ഇന്ന് ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. വൈകീട്ട് അഞ്ചിന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് പത്മജ ബിജെപി അംഗത്വം സ്വീകരിക്കും. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പത്മജയുടെ ഏതാണ്ട് പഴയൊരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശന സമയത്തുള്ളതായിരുന്നു ആ പോസ്റ്റ്.

അനിലിന്റെ നീക്കം നിസാരമായി കാണാവുന്ന ഒന്നല്ലെന്നും ആദ്ദേഹം കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ മകനാണെന്നുമാണ് കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് പങ്കുവച്ച കുറിപ്പിൽ പത്മജ പറഞ്ഞത്. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന്റെ പിറ്റേദിവസമായിരുന്നു ഈ പോസ്റ്റ്.

"കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. കുഞ്ഞുനാൾ മുതൽ അച്ഛനും അമ്മയും പറഞ്ഞ് തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ്. അങ്ങനെ വളർന്ന ഒരാൾ എന്തുകൊണ്ട് പാർട്ടി വിട്ട് പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഒരു കുടുംബം ആകുമ്പോൾ ഇണക്കവും പിണക്കവും ഉണ്ടാകും. അതെല്ലാം നിസാരമായി കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വിഷമങ്ങൾ പലർക്കും ഉണ്ട്. അതൊക്കെ പറഞ്ഞ് തീർത്ത് ഒരുമിച്ച് പോയാൽ മാത്രമേ പ്രസ്ഥാനം രക്ഷപ്പെടൂ..." എന്നാണ് പത്മജ പോസ്റ്റിൽ പറയുന്നത്.

അനിൽ ആന്റണി ബിജെപിയിലെത്തി ഒരു വർഷം തികയാനിരിക്കെയാണ് അതേ വഴിയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പത്മജയുടെ നീക്കം.

'കോൺഗ്രസ് എന്നെ ബിജെപിയാക്കി' എന്നാണ് പാർട്ടി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പത്മജ പ്രതികരിച്ചിരിക്കുന്നത്. "ഞാൻ ചതിയല്ല ചെയ്തത്. എന്റെ മനസിന്റെ വേദനകളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത്. അവർ എന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. മടുത്താണ് കോൺഗ്രസ് വിടുന്നതെത്. മനസമാധാനത്തോടെ പ്രവർത്തിക്കുവാൻ സാധിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ മുൻഗണയെന്നും പത്മജ പറയുന്നു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയർത്തിക്കൊണ്ടാണ് പത്മജ പാർട്ടി വിട്ടിരിക്കുന്നത്. തിരെഞ്ഞെടുപ്പിൽ തോൽക്കാൻ കാരണക്കാരായവർക്കെതിരെ പരാതി നൽകിയിട്ടും അത് പരിഗണിക്കാനോ എന്തെങ്കിലും നടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറില്ല. ഇങ്ങനെ ധാരാളം അവഗണകൾ സഹിക്കേണ്ടി വന്നു. മടുത്താണ് പാർട്ടി വിടുന്നത്. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നുവെന്നും പ്രവർത്തനങ്ങൾക്കൊന്നും ഇറങ്ങാറില്ലെന്നും അവർ പറയുന്നു.

വളരെ അപ്രതീക്ഷിതമായാണ് പത്മജയുടെ ബിജെപി പ്രവേശനത്തിന്റെ സൂചനകൾ പുറത്തുവന്നത്. എന്നാൽ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു പത്മജയുടെ ആദ്യ പ്രതികരണം. ബിജെപിയില്‍ ചേരുന്നുവെന്ന വാർത്ത ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

"ഇതേക്കുറിച്ച് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ ശക്തമായി നിഷേധിച്ചതാണ്. ഇപ്പോഴും നിഷേധിക്കുന്നു. അപ്പോൾ ഭാവിയിൽ പോകുമോ എന്നവർ ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയും എന്നവരോട് തമാശയായി പറഞ്ഞതാണ്. അതാണ് വളച്ചൊടിച്ചത്," എന്നായിരുന്നു പത്മജയുടെ കുറിപ്പ്. എന്നാൽ, പത്മജ പാർട്ടിയിൽ ചേരുമെന്ന സൂചന ബിജെപി വൃത്തങ്ങളിൽനിന്ന് പുറത്തുവന്നതോടെ പത്മജ ഈ പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയോടെ പത്മജയും ഭർത്താവ് വേണുഗോപാലും ഇക്കാര്യം ശരിവെക്കുകയും ചെയ്തു.

പത്മജ ഇന്ന് വൈകീട്ട് അഞ്ചോടെ ബിജെപി അംഗത്വം ഭർത്താവ് വേണുഗോപാൽ വ്യക്തമാക്കി. നിലവിൽ ഡൽഹിയിലുള്ള പത്മ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിക്കുക. ഇക്കാര്യം പിന്നീട് പത്മജയും സ്ഥിരീകരിച്ചു.

ബിജെപിയില്‍ ചേരാനുള്ള പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നാണ് സഹോദരന്‍ കെ മുരളീധരന്‍ എംപി പ്രതികരിച്ചത് ബിജെപിയില്‍ പോകാന്‍ പത്മജ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല. കോണ്‍ഗ്രസ് എന്നും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. വര്‍ക്ക് അറ്റ് ഹോമുകാര്‍ക്ക് ഈ പരിഗണന പോരേ? വര്‍ഗീയതയ്‌ക്കെതിരെ എന്നും പേരാരാടിയ വ്യക്തിയാണ് കെ കരുണാകരന്‍. അങ്ങനെയുള്ള അച്ഛന്റെ ആത്മാവ് പത്മജയുടെ തീരുമാനത്തില്‍ പൊറുക്കില്ല. പത്മജയെക്കൊണ്ട് ബിജെപിക്ക് കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ല. ചതിച്ചവരുമായി ഇനി ബന്ധമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തന്റെ തീരുമാനം ചതിയാണെന്ന പരാമര്‍ശം കെ മുരളീധരന്‍ ഭാവിയില്‍ തിരുത്തിക്കോളുമെന്നായിരുന്നു ഇതിനോടുള്ള പത്മജയുടെ മറുപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും