പാലാ നഗരസഭാ ചെയർമാനെ ഇന്നറിയാം. ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ഇനി സിപിഎമ്മിനാണെന്നിരിക്കെ, ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് ചേരുന്ന വിവിധ യോഗങ്ങളിൽ തീരുമാനമുണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. 11 മണിയോടെയാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. ഇതിന് മുൻപ് മുന്നണിയിൽ ധാരണയുണ്ടാക്കാനാണ് യോഗങ്ങൾ. പ്രാദേശിക വിഷയമാണെന്ന് പറയുമ്പോഴും കേരളാ കോൺഗ്രസ് എം- സിപിഎം തർക്കത്തിന് വഴിവെയ്ക്കുകയാണ് അധികാരമാറ്റം.
മുന്നണി ധാരണ പ്രകാരം രണ്ട് വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം കൈമാറണമെന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച കാലാവധി പൂര്‍ത്തിയായതോടെ കേരളാ കോണ്‍ഗ്രസിലെ ആന്‌റോ ജോസ് പടിഞ്ഞാറേക്കര രാജിവെച്ചിരുന്നു. ഇനി സിപിഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. പാലാ നഗരസഭയില്‍ സിപിഎമ്മിന് ആറ് അംഗങ്ങളുണ്ടെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് ബിനു പുളിക്കക്കണ്ടം മാത്രമാണ്. ഇയാളെ ചെയര്‍മാനാക്കാനാണ് സിപിഎമ്മിന് താത്പര്യമെങ്കിലും മുന്‍ വൈരാഗ്യമൂലം കേരളാ കോണ്‍ഗ്രസ് എം ഇതിന് എതിരാണ്. ഇതാണ് തര്‍ക്കത്തിന് കാരണം.
മുന്‍പ് ബിജെപിയിലായിരുന്ന ബിനു തിരഞ്ഞെടുപ്പിന് മുന്‍പാണ് സിപിഎമ്മില്‍ ചേര്‍ന്നത്. നഗരസഭയിലെ കേരളാ കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലമ്പറമ്പലിനെ നേരത്തെ മർദിച്ചതടക്കമുള്ള കാരണങ്ങളാണ് ജോസ് കെ മാണി അടക്കമുള്ള നേതാക്കളെ ബിനുവിനെതിരെ തിരിച്ചത്. സിപിഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് പരസ്യമായി വ്യക്തമാക്കുമ്പോഴും ബിനുവിനെ അംഗീകരിക്കില്ലെന്നാണ് രഹസ്യ നിലപാട്. അതേസമയം സിപിഎം സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് അവരും നിലപാട് കടുപ്പിക്കുന്നു.
ബിനു പുളിക്കക്കണ്ടത്തിനായി സിപിഎം സമര്‍ദം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ നഗരസഭ കൗണ്‍സിലില്‍ വച്ച് ബൈജു കൊല്ലം പറമ്പില്‍ ബിനു പുളിക്കക്കണ്ടത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ബിനു മര്‍ദിക്കുന്ന വീഡിയോ കേരളാ കോണ്‍ഗ്രസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ആദ്യം മര്‍ദിച്ചത് ബൈജു ആണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.
ജോസ് കെ മാണിയുമായി സിപിഎം നേതാക്കള്‍ ആശയവിനിമയം നടത്തുകയും പിടിവാശി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാവിലെ ചേരുന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗം ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. തുടര്‍ന്നാണ് പാര്‍ലമെന്‌ററി പാര്‍ട്ടി യോഗം നടക്കുക.