ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തുടരുന്ന ട്വിസ്റ്റുകൾക്കും ടേണുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ പാലക്കാടൻ ജനത വിധിയെഴുതുന്നു. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആറുമണി മുതൽ വിവിധ ബൂത്തുകളിൽ വോട്ടർമാർ വരിയിൽ ഇടം പിടിച്ചിരുന്നു.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 1,94,706 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1,00,290 പേർ വനിതകളാണ്. രണ്ടായിരത്തിലേറെ വോട്ടർമാർ 80 വയസ്സിന് മുകളിലുള്ളവരും 780 പേർ ഭിന്നശേഷിക്കാരുമാണ്. 2445 കന്നി വോട്ടർമാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരും മണ്ഡലത്തിലുണ്ട്.
മൂന്ന് പ്രമുഖ സ്ഥാനാർഥികളടക്കം 10 പേരാണ് പാലക്കാട് മത്സര രംഗത്തുള്ളത്. 184 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 736 പോളിങ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ബാലറ്റ് പെട്ടികൾ മാറ്റും.