KERALA

സന്ദീപ് വാര്യരെ ചുറ്റിപ്പറ്റി പാലക്കാട് ചര്‍ച്ചകള്‍; സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ച വിമര്‍ശിച്ച് മുഖ്യമന്ത്രി, അതൃപ്തി തുറന്നുപറഞ്ഞ് കെ മുരളീധരന്‍

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍

വെബ് ഡെസ്ക്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചുറ്റിത്തിരിയുന്നു. കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ മുസ്ലീംലീഗ് നേതാക്കളെ സന്ദര്‍ശിക്കാന്‍ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയതായിരുന്നു ഞായറാഴ്ചയിലെ പ്രധാന രാഷട്രീയ നീക്കം. ലീഗിനെയും കോണ്‍ഗ്രസിനെയും വാനോളം പുകഴ്ത്തിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടി പറഞ്ഞുമാണ് ഇന്നതെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടിയായി സന്ദീപ് പറഞ്ഞത്. മന്ത്രി എം ബി രാജേഷിന്റെ കാളിയന്‍ പരാമര്‍ശത്തിനും സന്ദീപിന് മറുപടി ഉണ്ടായിരുന്നു.

രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നതെന്ന് എന്ന ചോദ്യം ഉന്നയിച്ച സന്ദീപ് തന്നെ വിമര്‍ശിക്കുന്നതില്‍ ബിജെപിയും സിപിഎമ്മും സയാമീസ് ഇരട്ടകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പരിഹസിച്ചു. തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒന്നിച്ചായിരിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

സന്ദീപ് വാര്യര്‍ - സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ചയെ പരാമര്‍ശിച്ചായിരുന്നു പാലക്കാട് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പ്രസംഗം ആരംഭിച്ചത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വലതുപക്ഷ മാധ്യമങ്ങള്‍ മഹത്വവത്ക്കരിക്കുന്നു എന്ന പരാമര്‍ശത്തോടെ ആരംഭിച്ച പ്രസംഗത്തില്‍ സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനും മുഖ്യമന്ത്രി തയ്യാറായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ഒറ്റപ്പാലത്ത് നടന്ന തിരഞ്ഞെടുപ്പ് ഞാനോര്‍ക്കുന്നു, ആ കാലത്തെ തങ്ങള്‍ എല്ലാവരാലും ആദരിക്കരിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു.

ഇന്നത്തെ സാദിഖലി തങ്ങളെ പോലെയല്ല. ജമാഅത്ത് ഇസ്ലാമി അനുയായിപ്പോലെയാണ് സാദിഖലി തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു. പാണക്കാട് പോയി രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ സന്ദീപിന്റെ പഴയകാലം മറക്കാനാകുമോ എന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു.

കോണ്‍ഗ്രസ് ക്യാമ്പ് ആര്‍എസ്എസ് ക്യാമ്പായി മാറിയെന്നായിരുന്നു സന്ദീപിന്റെ കൂടുമാറ്റത്തെ പരിഹസിച്ച് സിപിഎം നേതാവ് എ കെ ബാലന്‍ ഇന്ന് നടത്തിയ പ്രതികരണം. സന്ദീപ് കോണ്‍ഗ്രസിലേക്ക് പോയത് ആര്‍എസ്എസ് ആശയങ്ങള്‍ തള്ളിപ്പറഞ്ഞല്ല. സന്ദീപിന്റെ സ്‌നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയെന്നും എ കെ ബാലന്‍ പരിഹസിച്ചു. വര്‍ഗീയതയുടെ കാളകൂടവിഷം എന്ന പരാമര്‍ശം ആവര്‍ത്തിച്ചായിരുന്നു മന്ത്രി എം ബി രാജേഷിന്റെ ഇന്നതെ പ്രതികരണം. ഹീനമായ വംശഹത്യയ്ക്ക് ആഹ്വാനം നല്‍കിയ മറ്റൊരാള്‍ കേരളചരിത്രത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ക്കാന്‍ രണ്ട് കാരണങ്ങളാണ് തനിക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് അദ്ദേഹം ഗാന്ധി വധത്തിനെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ട് രീതിയിലുണ്ട്, രാഷ്ട്രീയവും വ്യക്തിപരവും. ഇന്നലെ സന്ദീപ് വാര്യര്‍ സുരേന്ദ്രനെപ്പറ്റി പറഞ്ഞത് രാഷ്ട്രീയപരമാണ്. ഞങ്ങളും അംഗീകരിക്കുന്ന കാര്യമാണ്. അത് പൊളിറ്റിക്കല്‍ അറ്റാക്കാണ്. അത് നൂറു ശതമാനം ശരിയാണെന്നാണ് അഭിപ്രായം. ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ സ്വീകരിക്കാന്‍ നിലപാടെടുത്തു. പാര്‍ട്ടി തീരുമാനമെടുത്തതോടെ ഇനി എതിര്‍പ്പിന് പ്രസക്തി ഇല്ലാതാവുകയാണ്. ഇന്നലെ മുതല്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖലി തങ്ങളെ കണ്ടതോടെ അദ്ദേഹം യുഡിഎഫുകാരനുമായെന്നും കെ മുരളീധരന്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. സാധാരണ കോണ്‍ഗ്രസ് കാരനായ താന്‍ അങ്ങനെ അറിഞ്ഞാല്‍ മതിയെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

എന്നാല്‍, മുരളീധരന്റെ വാദം തള്ളുകയാണ് കെപിപിസിസി പ്രസിഡന്റെ കെ സുധാകരന്‍. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് കെ മുരളീധരനെ അറിയിച്ചിരുന്നെന്ന് സുധാകരന്‍ അറിയിച്ചു.

കെ മുരളീധരന്‍

അതിനിടെ, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിക്കുന്നവരെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ബിജെപിക്കാര്‍ മറ്റ് പാര്‍ട്ടികളില്‍ ചേരരുത് എന്നാണോ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറയുന്നത് എന്നാണ് വി ഡി സതീശന്റെ പരാമര്‍ശം. സന്ദീപ് എത്തിയത് ഉപാധികളില്ലാതെയാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം