ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞ സംഭവത്തില്‍ കായിമന്ത്രി വി അബ്ദുറഹ്മാന് എതിരെ വ്യാപക വിമര്‍ശനം. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വിഷയത്തില്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തി. 'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട'എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു എന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിടി ബല്‍റാം, കെ ശബരീനാഥന്‍ തുടങ്ങിയ നേതാക്കളും മന്ത്രിക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി.
കാര്യവട്ടത്ത് കളിക്കാരെ സ്വീകരിച്ചത് ഒഴിഞ്ഞ ഗ്യാലറിയാണ്. ഇത് പരിതാപകരമായ അവസ്ഥയാണ്. പ്രധാനപ്പെട്ട മത്സരങ്ങള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍ നാഷണല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. എന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഇന്റര്‍ നാഷണല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മന്‍ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങ്ങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട'എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍ നാഷണല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.
മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റേയും സ്വരമാണ്
അതേസമയം കായിക മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീണ്ടും രംഗത്ത് എത്തി. മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റേയും സ്വരമാണ്. പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാള്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിന്റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ പോലും ഇത്തരത്തിലുള്ള പരാമര്‍ശം നടത്തില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
കായികമന്ത്രി ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് കാര്യവട്ട ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതെന്ന് രമേശ് ചെന്നിത്തല. പാവങ്ങള്‍ ക്രിക്കറ്റ് കാണേണ്ട എന്ന് പറയുന്ന നയത്തോട് യോജിക്കാന്‍ കഴിയില്ല. വിവാദ പരാമര്‍ശത്തില്‍ കായികമന്ത്രി ജാഗ്രത പാലിക്കേണ്ടതായിരുന്നു. അന്തര്‍ദേശീയ മത്സരങ്ങള്‍ ഇനി കേരളത്തില്‍ വരുന്നതിന് ഇത് തടസ്സമാകുമോ എന്ന് സംശയിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വിദ്വേഷ പ്രചാരണമാണ് നടക്കുന്നത് ബിനീഷ് കോടിയേരി
വിദ്വേഷ പ്രചാരണമാണ് നടക്കുന്നതെന്ന് ബിനീഷ് കോടിയേരി
അനാവശ്യമായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. മന്ത്രി വിവാദ പരാമര്‍ശം നടത്തിയെന്ന് കരുതി കളി ബഹിഷ്‌കരിക്കരുതെന്നും വിദ്വേഷ പ്രചാരണമാണ് നടക്കുന്നത് ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്ത്രി അബ്ദുറഹ്‌മാനെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത് എത്തി. പട്ടിണി പാവങ്ങള്‍ കളി കാണേണ്ട എന്ന് പറയരുത്. പട്ടിണിക്കാരും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും എം.വി ജയരാജന്‍ പ്രതികരിച്ചു.