KERALA

പന്തീരാങ്കാവ് ഗാര്‍ഹികപീഡനം: രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

വെബ് ഡെസ്ക്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

പ്രതി രാഹുലിന് രക്ഷപ്പെടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിര്‍ദേശിച്ചു.

ശരത് ലാലിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. രാഹുലിന് രാജ്യംവിടാന്‍ സഹായമൊരുക്കിയ സുഹൃത്ത് രാജേഷ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

മേയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുല്‍ പി ഗോപാലും (29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും