പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ സർവേയിൽ 500 ഇനം ജന്തുജാലങ്ങളെ കണ്ടെത്തി. നാല് ദിവസം നീണ്ടു നിന്ന സർവേയിൽ മേഖലയിൽ മുമ്പ് കണ്ടിട്ടില്ലാത്ത ജന്തുജാലങ്ങളും ഉൾപ്പെടുന്നു. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (TNHS) മറ്റ് സർക്കാർ ഇതര സംഘടനകളുമായി ചേർന്ന് (NGO) വനം വകുപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. തേക്ക് തോട്ടങ്ങൾ, നിത്യഹരിത വനങ്ങൾ തുടങ്ങി വിവിധതരം ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ഇനങ്ങളെയാണ് സർവേയിൽ കണ്ടെത്തിയത്.
പ്രദേശത്ത് മുമ്പ് കണ്ടിട്ടില്ലാത്ത 30 സ്പീഷീസുകൾ ഉൾപ്പെടെ 200 ഓളം ഇനം പക്ഷികളെയും സർവേയിൽ കണ്ടെത്തി. ഇതോടെ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ പക്ഷിമൃഗാദികളുടെ എണ്ണം 290 ആയി ഉയർന്നു. കരിമ്പകം (Black stork), ചിന്നക്കൊക്ക് (Striated heron), വലിയ കിന്നരിപ്പരുന്ത് (Legge’s hawk eagle), ചെറിയ മീൻപരുന്ത് (Lesser fish eagle), വൈറ്റ്-ഐഡ് ബസാർഡ്, പൊടിപ്പൊന്മാൻ (Blue-eared kingfisher), ചെങ്കണ്ണൻ കുട്ടുറുവൻ (Brown-headed barbet), ചെമ്പുവാലൻ പാറ്റപിടിയൻ (Rusty-tailed flycatcher), കരിങ്കിളി (Bourdillon’s blackbird), മലമുഴക്കി വേഴാമ്പൽ (Great Indian hornbill) എന്നിവയും കണ്ടെത്തിയ ഇനങ്ങളിൽ ഉൾപ്പെടുന്നു. പശ്ചിമ ഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന കോഴിവേഴാമ്പൽ (Malabar grey hornbill), ആൽക്കിളി (Malabar barbet), നീലത്തത്ത (Malabar parakeet), കാട്ടുനീലി (White-bellied blue flycatcher) എന്നിവയേയും സർവേയിൽ കണ്ടെത്തി.
11 പുതിയ ഇനങ്ങൾ ഉൾപ്പെടെ 209 ചിത്രശലഭങ്ങളേയാണ് സർവേയിൽ കണ്ടെത്തിയത്. കോമൺ ബാൻഡഡ് പീകോക്ക്, ഈവ്നിംഗ് ബ്രൺ, അനോമലസ് നവാബ്, വൈറ്റ്-ഡിസ്ക് ഹെഡ്ജ് ബ്ലൂ, ആഫ്രിക്കൻ ഗ്രാസ് ജുവൽ, സ്കാർസ് ഷോട്ട് സിൽവർലൈൻ, മലബാർ ഫ്ലാഷ് എന്നിവ സർവേയിൽ കണ്ടെത്തിയ പുതിയ ചിത്രശലഭ സ്പീഷീസുകളാണ്. പശ്ചിമ ഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന മലബാർ റോസ്, മലബാർ റേവൻ, മലബാർ ബാൻഡഡ് സ്വാളോടെയ്ൽ, സഹ്യാദ്രി ഗ്രാസ് യെല്ലോ, മലബാർ ട്രീ-നിംഫ് എന്നിവയുൾപ്പെടെ 19 ഇനങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ഇതോടെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 285 ആയി ഉയർന്നു.
വൈവിധ്യമാർന്ന 49 ഇനം പ്രാണികളെയും സർവേയിൽ കണ്ടെത്തി. പശ്ചിമഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഗോംഫിഡിയ കോഡാഗൻസിസ് ഫ്രേസർ, 1923; അസിയാഗ്രിയൻ അപ്പ്രോക്സിമൻസ് കൃഷ്ണ ഫ്രേസർ, 1921; അഗ്രിയോക്നെമിസ് കെരാലെൻസിസ് പീറ്റേഴ്സ്, 1981; സെരിയാഗ്രിയൻ ക്രോമോത്തൊറാക്സ് ജോഷി & സാവന്ത്, 2019; യൂഫിയ ഫ്രേസറി ( ലെയ്ഡ്ലോ, 1920 ); കൊക്കോണൂറ റിസി (ഫ്രേസർ, 1931) എന്നിവയാണ് കണ്ടെത്തിയ പ്രാണികൾ. പുതിയ 30 ഇനങ്ങളെ കൂടി ഉൾപ്പെടുത്തിയപ്പോൾ പ്രാണികളുടെ എണ്ണം 54 ആയി ഉയർന്നു.
12 ഉരഗങ്ങൾ, ആറ് ഉഭയജീവികൾ, കടുവകൾ, പുള്ളിപ്പുലികൾ, തേൻകരടി, കാട്ടുപോത്ത്, പുള്ളിമാൻ, ചെറിയ ഇന്ത്യൻ വെരുകുകൾ, ചെങ്കീരി എന്നിവയേയും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ സുജിത്ത് ആർ ആണ് സർവേ ഉദ്ഘാടനം ചെയ്തത്. റേഞ്ച് ഓഫീസർമാരായ വിനോദ് പി വി, ബാബു എം എം, ബയോളജിസ്റ്റ് വിഷ്ണു വിജയൻ, ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് കലേഷ് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.