KERALA

ഷാരോണിനെ കൊന്നത് തന്നെ, കഷായം ഗ്രീഷ്മ വീട്ടില്‍ ഉണ്ടാക്കിയതെന്ന് പോലീസ്; ജീവനെടുത്തത് KAPIQ കീടനാശിനി

അമ്മയ്ക്ക് വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് ഗ്രീഷ്മ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്

വെബ് ഡെസ്ക്

തിരുവനന്തപുരം പാറശ്ശാലയില്‍ ബിഎസ്‌സി വിദ്യാര്‍ഥി ഷാരോണിന് സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയത് വീട്ടില്‍ വച്ചാണെന്ന് പോലീസ്. ഷാരോണിനെ കൊല്ലണമെന്ന് ഉദ്യേശ്യത്തോടെതന്നെയാണ് ഗ്രീഷ്മ കൃത്യം നടത്തിയത്, അമ്മയ്ക്ക് വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് ഗ്രീഷ്മ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത് എന്നും പോലീസ്. ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആണ് സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളി എഡിജിപി പ്രതികരിച്ചു.

കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എഡിജിപി

ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ജാതകദോഷം എന്ന കഥയുണ്ടാക്കിയത്. ഇക്കാര്യവും യുവതി സമ്മതിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ വിവരങ്ങള്‍ കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളു. പ്രാഥമികമായി മാതാപിതാക്കളെ പ്രതിയാക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. നിലവില്‍ മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഉണ്ടോ എന്ന കാര്യം വെളിവായിട്ടില്ല. മുന്‍പ് കൊലപാതക ശ്രമങ്ങള്‍ നടത്തിയതായും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു.

ഗ്രീഷ്മ അവകാശപ്പെടുന്നതും മറ്റു സാക്ഷിമൊഴികളില്‍ നിന്ന് മനസ്സിലാവുന്നതും ഷാരോണ്‍ തന്നെ പറഞ്ഞിട്ടുള്ളതും കഷായത്തില്‍ ആണ് വിഷം ചേര്‍ത്ത് നല്‍കിയത് എന്നാണ്. വിഷം കലര്‍ത്തി കൊടുത്ത വിവരം ഷാരോണിന് അറിയില്ലായിരുന്നു. വീട്ടില്‍ താന്‍തന്നെ ഉണ്ടാക്കിയ കഷായം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ക്യാപ്പിക് എന്നാണ് കീടനാശിനിയുടെ പേര് എന്നാണ് അവര്‍ പറഞ്ഞത്. മരണമൊഴിയില്‍ ഇവര്‍ക്കെതിരായ ഷാരോണ്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. സംശയം ഉണ്ടെന്നും പറഞ്ഞിട്ടില്ല. കീടനാശിനിയില്‍ കോപ്പര്‍ സള്‍ഫ്റ്റിന്റെ അംശം ഇല്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

രണ്ട് തവണ ഷാരോണിന് ഛര്‍ദി ഉണ്ടായതായാണ് ഷാരോണിന്റെ 'അമ്മ മൊഴി നല്‍കിയിട്ടുള്ളത്. ഒരിക്കല്‍ ഒരു പരീക്ഷക്ക് പോയി വന്നപ്പോഴും പിന്നെ മറ്റൊരു അവസരത്തിലും. അന്ന് വിഷം നല്‍കിയത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല.ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ബന്ധം നിര്‍ത്താറുണ്ട്. കല്യാണം ഉറപ്പിച്ച ശേഷവും ബന്ധം തുടര്‍ന്നിട്ടുണ്ട്.

ഗ്രീഷ്മയ്ക്ക് ബന്ധം തുടരാന്‍ താല്പര്യം ഇല്ലായിരുന്നു. ഷാരോണ്‍ പക്ഷെ ബന്ധമുപേക്ഷിക്കന്‍ തയ്യാറായില്ല. അതിന് ശേഷം ഗ്രീഷ്മ ഇയാളെ നിരന്തരം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി ആണെന്നാണ് അറിയാന്‍ ആയത്. കൂടുതല്‍ അന്വേഷണം നടത്തും. വിവാഹം ഉറപ്പിച്ചതിന് ശേഷം നിരന്തരം ഷാരോണ്‍ ഗ്രീഷ്മയില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യ്തിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചിട്ടുണ്ട്. സ്വകാര്യ ദൃശ്യങ്ങളോ മറ്റോ ഉള്ളതായോ ഷാരോണ്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായോ ഇതുവരെ തെളിവുകളില്ല. ഗ്രീഷ്മയും ഷാരോണും കല്യാണം കഴിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പള്ളിയില്‍ പോയി സിന്ദൂരം തൊട്ടിരുന്നു. പള്ളിയില്‍ വെച്ച് സിന്ദൂരം തൊട്ടതിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും എഡിജിപി അറിയിച്ചു.

നെയ്യൂരിലെ സ്വകാര്യ കോളേജില്‍ റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്

നെയ്യൂരിലെ സ്വകാര്യ കോളേജില്‍ റേഡിയോളജി വിദ്യാർത്ഥിയായിരുന്ന മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജ് ഇക്കഴിഞ്ഞ 14നാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്. സുഹൃത്ത് റെജിനുമൊത്ത് റെക്കോർ‌ഡ് ബുക്ക് വാങ്ങാനാണ് രാമവർമൻചിറയിലുളള പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന ഷാരോൺ ഛർദ്ദിച്ച് അവശനായിരുന്നെന്നാണ് സുഹൃത്ത് റെജിന്റെ മൊഴി. 

ആരോഗ്യനില വഷളായതിനെ തുടർന്ന് അന്ന് രാത്രി ഷാരോണിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, രക്ത പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല. ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഛർദ്ദില്‍ കുറഞ്ഞെങ്കിലും ഒക്ടോബർ 17ന് ആരോഗ്യം മോശമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ ബിലിറൂബിന്‍ കൗണ്ടിൽ വലിയ വ്യത്യാസം കണ്ടെത്തി. ഇതാണ് മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് ആക്കം കൂട്ടിയത്. ആദ്യം നടത്തിയ രക്ത പരിശോധനയിൽ ബിലിറൂബിന്റെ കൗണ്ട് ഒന്നായിരുന്നു. ഇതിലൂടെ ഷാരോണിന്റെ കരളിന് മുൻപ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആരോ​ഗ്യ പ്രവർത്തകര്‍ക്കും വ്യക്തമായി. തുടർന്ന് ഷാരോണിന്റെ ആന്തരികാവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനം നിലച്ചു. ഒക്ടോബർ 25ന് ഷാരോൺ മരിച്ചു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു