KERALA

വിഷാംശമില്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്; പാറശാലയിലെ ഷാരോണിന്റെ മരണത്തിന് പിന്നിലെന്ത്?

ഷാരോണിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ

അരുൺ സോളമൻ എസ്

തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിന് പിന്നിൽ അടിമുടി ദുരൂഹത. പെൺസുഹൃത്ത് നൽകിയ പാനീയം കുടിച്ചാണ് ഷാരോൺ മരിച്ചതെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഷാരോണും പെൺകുട്ടിയും തമ്മിലുളള വാട്സ് ആപ് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. വിഷാംശം ഇല്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം കൂടി പുറത്തുവന്നതോടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വിശദമായ അന്വേഷണം നടക്കുമെന്നും മരണകാരണം കണ്ടെത്താന്‍ ആരോഗ്യവിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറല്‍ എസ് പി ഡി ശില്‍പ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷാരോണിന്റെ മരണത്തിന് പിന്നിലെന്ത്?

നെയ്യൂരിലെ സ്വകാര്യ കോളേജില്‍ റേഡിയോളജി വിദ്യാർത്ഥിയായ മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജ് ഇക്കഴിഞ്ഞ 14നാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്. സുഹൃത്ത് റെജിനുമൊത്ത് റെക്കോർ‌ഡ് ബുക്ക് വാങ്ങാനാണ് രാമവർമൻചിറയിലുളള പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന ഷാരോൺ ഛർദ്ദിച്ച് അവശനായിരുന്നെന്നാണ് സുഹൃത്ത് റെജിന്റെ മൊഴി. എന്താ ഛർദ്ദിക്കാനുളള കാരണം എന്ന് തിരക്കിയപ്പോൾ പെൺകുട്ടി നൽകിയ കഷായം കുടിച്ചിട്ടാണെന്നായിരുന്നു ഷാരോണിന്റെ മറുപടിയെന്നും റെജിൻ പറഞ്ഞു. എന്നാൽ എന്തിനാണ് കഷായം കുടിച്ചതെന്ന് ചോദിച്ചപ്പോള്‍ 'പറയാം' എന്നായിരുന്നു ഷാരോണിന്റെ മറുപടിയെന്നും റെജിൻ പറയുന്നു.

ആശുപത്രിയിലേക്ക്

ആരോഗ്യനില വഷളായതിനെ തുടർന്ന് അന്ന് രാത്രി ഷാരോണിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, രക്ത പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല. ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഛർദ്ദില്‍ കുറഞ്ഞെങ്കിലും ഒക്ടോബർ 17ന് വീണ്ടും ആരോഗ്യം മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ ബിലിറൂബിന്റെ കൗണ്ടിൽ വലിയ വ്യത്യാസം കണ്ടെത്തി. ഇതാണ് മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് ആക്കം കൂട്ടിയത്. ആദ്യം നടത്തിയ രക്ത പരിശോധനയിൽ ബിലിറൂബിന്റെ കൗണ്ട് ഒന്നായിരുന്നു. ഇതിലൂടെ ഷാരോണിന്റെ കരളിന് മുൻപ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ആരോ​ഗ്യ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് ആന്തരികാവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനം നിലച്ചു. ഒക്ടോബർ 25ന് ഷാരോൺ മരിച്ചു.

ഷാരോൺ രാജ്

പോലീസിന് വീഴ്ച സംഭവിച്ചോ?

മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്നതിൽ പാറശാല പോലീസ് കാര്യക്ഷമമല്ലെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കേസിൽ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പോലീസും പറയുന്നു. കൂടാതെ,ആന്തരികാവയങ്ങളുടെ പരിശോധനാഫലം കിട്ടുന്നതിനും സമയമെടുക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.

അവസാന വാട്സ് ആപ് സന്ദേശവും പുറത്ത്

ഷാരോൺ രാജ് പെൺകുട്ടിക്ക് അയച്ച അവസാന വാട്സ് ആപ് സന്ദേശത്തിൽ കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ഷാരോണിന്റെ സഹോദരനോടും ജ്യൂസ് കുടിച്ചുവെന്നാണ് പറഞ്ഞിരുന്നത്. സംഭവത്തിന് രണ്ടാഴ്ച മുന്‍പ് രണ്ട് കുപ്പികളിലാക്കിയ ജ്യൂസ് ഇരുവരും കുടിക്കുന്നതായുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതായിരിക്കുമോ പ്രശ്നമെന്ന് പെൺകുട്ടിയും ഷാരോണും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും ഇന്ന് പുറത്തുവന്നിരുന്നു. വീട്ടില്‍ വന്നപ്പോള്‍ കുടിച്ച ജ്യൂസിന് കുഴപ്പമുണ്ടോ എന്ന സംശയം പെൺകുട്ടിയും വാട്സ് ആപ് സന്ദേശത്തിൽ ഉന്നയിക്കുന്നുണ്ട്. പെൺകുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ് സന്ദേശത്തിലു കഷായം നൽകിയെന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൊല്ലാമായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നു എന്നുമാണ് പെൺകുട്ടി പറയുന്നത്.

അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

ഷാരോണിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ മാധ്യമങ്ങളോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല എന്നായതിനാല്‍, ആന്തരികാവയവങ്ങളുടെ പരിശോധനാഫലമായിരിക്കും ക്രൈംബ്രാഞ്ചിന് കേസില്‍ നിർണായമാകുക.

റൂറൽ എസ്പി ഡി ശിൽപ
23 വയസുളള മകനെ നഷ്ടപ്പെട്ടതിൽ ഹൃദയവേദനയുളള അച്ഛനാണ് ഞാൻ
ജയരാജ്

'എന്റെ മകനെ കൊന്നതാണ്'

ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിനും രണ്ടാഴ്ച മുന്‍പ് രണ്ട് പേരും ഒരുമിച്ച് ജ്യൂസ് കുടിച്ചതിലും പെൺകുട്ടിക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നു. '23 വയസുളള മകനെ നഷ്ടപ്പെട്ടതിൽ ഹൃദയവേദനയുളള അച്ഛനാണ് ഞാൻ, ആ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍ നിന്നാണ് ലഭിച്ചത്. രണ്ട് ബോട്ടിലുകളിലായി പെൺകുട്ടി കൊണ്ടുവന്ന ജ്യൂസിൽ ഒന്നിൽ നിറവ്യത്യാസം ഉണ്ടായിരുന്നു'. ഷാരോണിന്റെ അച്ഛന്‍ ജയരാജ് 'ദ ഫോർത്തി'നോട് പറഞ്ഞു. പെൺകുട്ടി മകനെ കൊന്നതാണെന്നും ജയരാജ് ആരോപിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത പോലീസ് പറഞ്ഞത് പെൺകുട്ടി നിരപരാധി ആണെന്നാണ്. കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് തൃപ്തികരമാണെന്നും ജയരാജ് പറഞ്ഞു.

കേസില്‍ ഷാരോണിന്റെ കുടുംബത്തിന്റെ ആശങ്ക ദുരീകരിക്കുമെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ ദ ഫോർത്തിനോട് പ്രതികരിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ