എം വി ഗോവിന്ദന്‍ 
KERALA

പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പാർട്ടി അറിഞ്ഞിരുന്നില്ല: എം വി ഗോവിന്ദന്‍

വെബ് ഡെസ്ക്

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പാർട്ടി അറിഞ്ഞിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയോട് ചർച്ച ചെയ്യാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് ഉത്തരവ് പുറപ്പെടുവിച്ചെന്ന കാര്യം പരിശോധിക്കുമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു. ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഭരണ-പ്രതിപക്ഷ യുവജന സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരവ് പിൻവലിക്കേണ്ടി വന്നത് സർക്കാരിന് തിരിച്ചടി ആയിരുന്നു. പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 58ൽ നിന്ന് 60 വയസ്സായി ഏകീകരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകൾ ഇതിനെ എതിർത്തത് ശരിയായ നിലപാടാണ്. സർക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് ഡോസ് ആയിരുന്നോ നടപടി എന്നതിനെ കുറിച്ച് അറിയില്ല. പാർട്ടിയുമായുമായി കൂടിയാലോചിക്കാതെ ഉത്തരവ് പുറപ്പെടുവിച്ചതിനാലാണ് പെട്ടെന്ന് തന്നെ പിൻവലിക്കേണ്ടി വന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടാണ് സിപിഎമ്മിനുള്ളതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ധനവകുപ്പാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ എഐവൈഎഫ്, ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് ഉൾപ്പെടെ യുവജന സംഘടനകൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

കമ്മീഷന്‍റെ ശുപാർശയുടെ ഭാഗമായിട്ടായിരുന്നു ധനവകുപ്പിന്റെ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ്. വൻ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ, ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനവും ദീർഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമോ എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം