പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനി ബെംഗളൂരിലേക്ക് മടങ്ങി. ജാമ്യ ഇളവ് അവസാനിക്കുന്ന സാഹചര്യത്തിലാണ് മഅദനി തിരികെ കര്‍ണാടകയിലേക്ക് തിരിച്ചത്. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനാണ് മഅദനിക്ക് സുപ്രീംകോടതി മൂന്ന് മാസത്തെ അനുമതി നൽകിയത്. ഇത് പ്രകാരം കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തില്‍ കൊല്ലം അൻവാർശ്ശേരിയിലെത്തി പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.
ഏപ്രിൽ 17നാണ് പിതാവിനെ സന്ദർശിക്കാനായി മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ അന്നത്തെ കർണാടക സർക്കാർ യാത്രയ്ക്കായി ഭീമമായ തുക ചുമത്തിയതിനെ തുടർന്ന് യാത്ര വൈകുകയായിരുന്നു. സുരക്ഷാ ചെലവിനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ, ജൂൺ 26 ന് അദ്ദേഹം ബംഗളുരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആലുവയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അൻവാർശ്ശേരിയിലേക്കുളള യാത്ര മുടങ്ങുകയായിരുന്നു.
അഞ്ച് വർഷത്തിന് ശേഷമാണ് മദനി കേരളത്തിലേക്ക് എത്തിയത്. എന്നാൽ, കേരളത്തിൽ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിൽ എത്താനായില്ല. ഡോക്ടർമാർ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. നിലവിൽ യാത്ര ചെയ്യാനുളള ആരോഗ്യം അദ്ദേഹത്തിന് ഇല്ലാത്തതിനാൽ ബെംഗളൂരു യാത്രയും പാടില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ജാമ്യ ഇളവ് അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കി എന്നതിനാല്‍ മദനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവിനെ കൊച്ചിയിലെത്തിക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യവും മോശമായി തുടരുന്നതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂർ ജാമ്യഹർജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും അതും നടക്കാതെ പോയതോടെയാണ് ഇന്ന് മഅദനിക്ക് തിരികെ പോകേണ്ടി വന്നത്. 12 ദിവസത്തേക്കാണ് മഅദനി കേരളത്തിലെത്തിയത്.
അതേസമയം, ആരോഗ്യാവസ്ഥ മോശമായ മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മഅ്ദനിയുടെ ആരോഗ്യാവസ്ഥ വിലയിരുത്തിയത്. മഅദനിയുടെ ആരോഗ്യത്തെ സംബന്ധിച്ചുളള കാര്യങ്ങൾ സർക്കാറിന് റിപ്പോർട്ടായി നൽകുമെന്ന് സംഘം വ്യക്തമാക്കി. പിഡിപി ആവശ്യപ്പെട്ടത് പ്രകാരമാണ് മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്താൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്.