വയനാട് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട് ജനങ്ങള്‍. ഉറ്റവരും ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടി വച്ചതും ഉരുള്‍പ്പൊട്ടല്‍ കവര്‍ന്നപ്പോള്‍ നാട് ഞങ്ങളെ ചതിച്ചു എന്ന് മാത്രമാണ് ക്യാംപിലുള്ള പലര്‍ക്കും പറയാന്‍ ബാക്കിയുള്ളത്. നാളെയെന്ത് എന്നറിയാതെ ക്യാംപില്‍ കഴിയുമ്പോഴും ഇപ്പോഴും കണ്ടെത്താനാകാത്ത സഹോദരങ്ങളെയും കാത്തിരിക്കുയാണ് പുഞ്ചിരിമട്ടം സ്വദേശിയായ പ്രശാന്തുള്‍പ്പെടെയുള്ളവര്‍.
കുത്തിയൊലിച്ചു വന്ന വെള്ളത്തെയും ചെളിയെയും മറികടന്നാണ് പലരും ക്യാംപിലെത്തിയത്. രാത്രി രണ്ട് മണിയോടെയെയാണ് വിവരങ്ങളറിഞ്ഞത്, ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ വീട്ടില്‍ വെള്ളം കയറി. ഇതോടെ ഇറങ്ങിയോടി. ചെളിയും കല്ലും ഒഴുകി വന്നതോടെ കാലില്‍ ഉള്‍പ്പെടെ പരുക്കേറ്റു. ഒരുവിധത്തില്‍ അടുത്ത വീട്ടില്‍ അഭയം തേടി. ഈ സമയത്താണ് രണ്ടാമത്തെ ഉരുള്‍പ്പൊട്ടലുണ്ടാകുന്നതും ദുരന്തം ഇന്നു കാണുന്ന നിലയിലെത്തിയതും. കണ്‍മുന്നില്‍ കണ്ട ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഷബ്‌ന എന്ന പെണ്‍കുട്ടി പറയുന്നു. ഇനി വീട്ടിലേക്ക് മടങ്ങിപ്പോവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും ഷബ്‌ന പറയുന്നു.
മരണം മുന്നിൽ കണ്ട അനുഭവം വെപ്രാളത്തോടെ വിവരിക്കുകയാണ് ദുരിതാശ്വാസ ക്യാമ്പിലെ സിറാജ്."പതിനൊന്ന് മണി മുതലേ വെള്ളം വരാൻ തുടങ്ങിയിരുന്നു. രാത്രി ഒന്നോടെ നല്ല തോതിൽ വെള്ളം വരാൻ തുടങ്ങി. ഓര്‍മ ശരിയാണെങ്കിൽ രാത്രി ഒന്നര മണിയോടെയാണ് ആദ്യത്തെ പൊട്ടൽ. ശരിക്കും ഉറങ്ങിയിട്ടില്ല ഞങ്ങൾ അപ്പോൾ. ശബ്ദം കേൾക്കുന്നുണ്ടെന്ന് ഭാര്യ പറഞ്ഞെങ്കിലും ഇല്ലെന്ന് ഞാൻ ആശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കിടക്കുന്ന മുറി കുലുങ്ങാൻ തുടങ്ങി. ഭൂകമ്പമാണോ എന്നാണ് ആദ്യം ചിന്തിച്ചത്. വാതിൽ പാളികളിലൂടെയും മറ്റും വെള്ളവും ചെളിയും അകത്ത് വരാൻ ആരംഭിച്ചു. ഉറങ്ങുകയായിരുന്ന മക്കളെ വിളിച്ചുണർത്തി. സഹോദരന്റെ അടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് ഇറങ്ങാൻ പറ്റിയില്ല. പുറത്തു നിന്ന് എന്റെ ഓട്ടോറിക്ഷയടക്കം പോകുന്നത് കണ്ടു. വലിയ ശബ്ദങ്ങൾ കേട്ടു. മരിക്കുമെന്നുറപ്പായപ്പോൾ മുറിയിൽ തന്നെ ഇരുന്നു. വെള്ളം കുറഞ്ഞപ്പോൾ സഹോദരൻ വന്ന് എല്ലാവരെയും പുറത്തെത്തിച്ചു. മൂന്ന് മണിയാക്കിയപ്പോൾ അടുത്ത ശബ്ദം കേട്ടു. എല്ലാവരും പറമ്പിലേക്ക് ഓടിക്കയറി. വെള്ളം എല്ലാം കൊണ്ടുപോയി. ഇന്നലെ പോയി നോക്കുമ്പോൾ അവിടെ ഒന്നുമില്ല... വെറും കാലി ഭൂമിയായി കിടക്കുന്നുണ്ട്. ഇപ്പൊ ഒന്നുമില്ല, എല്ലാം പോയി. വെറും ശൂന്യത മാത്രം," അദ്ദേഹം പറയുന്നു.
മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാര കേന്ദ്രങ്ങളും നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട് തുടച്ചുമാറ്റി. രാത്രി വൈകി രണ്ടുതവണ കാതടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തില്‍ നിന്നും മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോയി. പ്രധാനപാതയില്‍ നിന്നും നൂറടിയോളം ഉയരത്തിലുള്ള മുസ്‌ളീം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തില്‍ വരെയും വെള്ളവും ചെളിയും വന്‍മരങ്ങളുമെത്തി.