2006 ജനുവരിയിലാണ്. സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത് നടക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്‌ഘാടകൻ. അന്ന് ഞാൻ ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ് കൊച്ചി ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു. കലോത്സവത്തിന് മുന്നോടിയായി പ്രധാന വേദിയിൽ മാധ്യമ സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ നൽകാറുണ്ട്. എക്സ് പ്രസ്സിനും ഒരു സ്റ്റാൾ ലഭിച്ചിരുന്നു. ആ സ്റ്റാൾ തയാറായി വന്നപ്പോൾ കലോത്സവ ഉദ്‌ഘാടന സമയമായി. അന്ന് അതിന്റെ ചുമതലക്കാരായിരുന്നവർക്ക് ഒരാഗ്രഹം, മുഖ്യമന്ത്രിയെ കൊണ്ട് സ്റ്റാൾ ഉദ്‌ഘാടനം ചെയ്യിച്ചാലോ? ശ്രമിച്ചു നോക്കാമെന്ന് ഞാനും.
ആദ്യമായാണ് ഉമ്മൻ ചാണ്ടിയെ അടുത്ത് കാണുന്നതും മിണ്ടുന്നതും. വളച്ചുകെട്ടില്ലാതെ കാര്യം ചോദിച്ചു. അദ്ദേഹം ഒന്ന് നിന്നു. എന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു.
വൈകിട്ട് കലോത്സവ ഉദ്‌ഘാടനം കഴിഞ്ഞ ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ ഉമ്മൻ ചാണ്ടിയുടെ അടുത്തേക്ക് കൂൾ ആയി ഞാൻ നടന്നു ചെന്നു. ‘സി എം’ എന്ന ഒറ്റ വിളിയിൽ അദ്ദേഹം തിരിഞ്ഞുനോക്കി. സ്വയം പരിചയപ്പെടുത്തി. ആദ്യമായാണ് ഉമ്മൻ ചാണ്ടിയെ അടുത്ത് കാണുന്നതും മിണ്ടുന്നതും. “അസൗകര്യമില്ലെങ്കിൽ ഒന്ന് അത്രടം വന്നു ഞങ്ങളുടെ സ്റ്റാൾ കൂടെ ഉദ്‌ഘാടനം ചെയ്യാമോ?” എന്ന് വളച്ചുകെട്ടില്ലാതെ ചോദിച്ചു. അദ്ദേഹം ഒന്ന് നിന്നു. 300 മീറ്റർ മാറിയാണ് വേദി. അങ്ങോട്ട് കാർ പോകില്ല. സുരക്ഷാ ജീവനക്കാർ അദ്ദേഹത്തോട് എന്തോ പറയുന്നു; അദ്ദേഹം മറുപടി പറയുന്നു. എന്റെ ചങ്കിടിപ്പ് കൂടുന്നുണ്ടായിരുന്നു. പെട്ടെന്ന്, എന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു, “വരൂ, പോവാം”. മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവിടെ എക്സ്പ്രസിന്റെ സ്റ്റാളിൽ മുഖ്യമന്ത്രി, ചുറ്റും വലിയൊരു ആൾക്കൂട്ടവും! അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ അവിടത്തെ താരം ഞാനായി. ‘തിരുവനന്തപുരം കാരനല്ലേ. സി എമ്മിനെ അടുത്തറിയുന്ന ആൾ ആവും. അല്ലേൽ ഇത് നടക്കുമോ’ എന്ന നറേറ്റീവിനായി മേൽകൈ.
എന്തുകൊണ്ടാണ് ഒരു മുൻപരിചയവുമില്ലാത്ത എന്റെ തത്സമയ ക്ഷണം സ്വീകരിച്ച് ആ ദൗത്യം അദ്ദേഹം ഏറ്റെടുത്തതെന്ന് അന്ന് എനിക്ക് മനസിലായിരുന്നേയില്ല. പക്ഷെ, പിന്നീട് തലസ്ഥാനത്തേക്ക് ജോലി മാറ്റമായി രാഷ്ട്രീയവും ക്യാബിനറ്റും കവർ ചെയ്യുന്ന ബീറ്റ് റിപ്പോർട്ടർ ആയി പ്രവർത്തനം തുടങ്ങിയപ്പോഴാണ് എനിക്ക് ആ സംശയം മാറിയത്. ഞാൻ അല്ല, ആരുമാകട്ടെ, ആത്മാർത്ഥമെന്ന് തോന്നുന്ന ഒരു അഭ്യർത്ഥനയും തള്ളിക്കളയാൻ ഉമ്മൻ ചാണ്ടിക്ക് പറ്റുമായിരുന്നില്ല. തന്നാൽ കഴിയുന്ന സഹായം വലുപ്പ ചെറുപ്പമില്ലാതെ ആർക്കും ചെയ്തു കൊടുക്കുന്ന അദ്ദേഹത്തിന്റെ സഹജ സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ് അന്നത്തെ എന്റെ കടുംകൈ വിജയിച്ചത്. അത് അറിയാത്ത എന്റെ സുഹൃത്തുക്കൾ അതിന്റെ ക്രെഡിറ്റ് എനിക്ക് നൽകിയെന്ന് മാത്രം.
ബാർ കോഴ കേസ് മൂർച്ഛിച്ചു നിന്ന സമയത്ത് കെ എം മാണിയുടെ രാജി എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന ചോദ്യവും പല ഉപചോദ്യങ്ങളും ചോദിച്ച് അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ച ഒരു ദിവസം ഇപ്പോഴും മനസിലുണ്ട്
രണ്ടാം വട്ടം മുഖ്യമന്ത്രിയായിരുന്ന കാലത്ത് (2011 - 16) ചോദ്യ ശരങ്ങളാൽ ഉമ്മൻ ചാണ്ടിയെ വട്ടം കറക്കുന്ന ദൗത്യമായിരുന്നു എനിക്ക്. ബാർ കോഴ കേസും സോളാർ കേസും ഒക്കെയായി വിഷയങ്ങൾക്ക് ഒരു കുറവുമില്ലായിരുന്ന സമയവുമായിരുന്നു. ബാർ കോഴ കേസ് മൂർച്ഛിച്ചു നിന്ന സമയത്ത് കെ എം മാണിയുടെ രാജി എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന ചോദ്യവും പല ഉപചോദ്യങ്ങളും ചോദിച്ച് അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ച ഒരു ദിവസം ഇപ്പോഴും മനസിലുണ്ട്. ചോദ്യങ്ങളോട് അല്പം അസഹിഷ്ണുത കാട്ടിയെങ്കിലും യാതൊരു കല്‌മഷവും ഇല്ലാതെയാണ് അന്നും പിന്നീടും അദ്ദേഹം പെരുമാറിയിട്ടുള്ളത്. അന്ന് വാർത്ത സമ്മേളനം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി ടി ചാക്കോ ‘ഇത്രയൊക്കെ വേണോ’ എന്ന ചോദ്യവുമായി ചെറിയൊരു പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ ആഴ്ചയും കലാപകലുഷിതമായാണ് വാർത്താ സമ്മേളനങ്ങൾ അവസാനിച്ചിരുന്നതെങ്കിലും, ഒരാഴ്ച പോലും അദ്ദേഹം അത് മുടക്കിയില്ല.
“ഞാൻ അത് പറയില്ല. അത് ഞാൻ നിങ്ങളോട് പറയാൻ പാടില്ലാത്ത കാര്യമാണ്”
ഒരിക്കൽ സോളാർ കേസ് കൊടുമ്പിരി കൊണ്ട് നിൽക്കുന്ന കാലത്ത് ദേശീയ മാധ്യമങ്ങൾക്കായി അദ്ദേഹം ഒരു പ്രത്യേക വാർത്താ സമ്മേളനം നടത്തി. അന്ന് ഞാൻ ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധിയായാണ് അതിൽ പങ്കെടുത്തത്. എല്ലാവരും പിരിഞ്ഞ ശേഷം അദ്ദേഹവും ഞങ്ങൾ രണ്ടു മൂന്ന് പേരും ബാക്കിയായി. പോകാൻ നേരം ഞാൻ ചോദിച്ചു, “ബിജു രാധാകൃഷ്ണൻ അങ്ങയെ കണ്ടു രഹസ്യമായി ധരിപ്പിച്ച കാര്യം എന്താണെന്ന് പറഞ്ഞു കൂടെ? ഓഫ് ദ റെക്കോർഡ് ആയെങ്കിലും? എഴുതാൻ പാടില്ലെങ്കിൽ ഞങ്ങൾ എഴുതില്ല. പക്ഷെ, കാര്യങ്ങൾക്ക് ഒരു കൃത്യമായ വീക്ഷണം ലഭിക്കാൻ ഈ വിവരം ഞങ്ങളെ സഹായിക്കുമല്ലോ”. രണ്ടു നിമിഷം അദ്ദേഹം എന്തോ ആലോചിച്ചു. ഞാൻ കരുതിയത് മറുപടി നല്കാൻ തയാറെടുക്കുകയാണെന്നാണ്. പിന്നെ പതിയെ പറഞ്ഞു, “ഞാൻ അത് പറയില്ല. അത് ഞാൻ നിങ്ങളോട് പറയാൻ പാടില്ലാത്ത കാര്യമാണ്”.
പിന്നീട് ആ കേസിൽ പല വേട്ടയാടലുകളും നടന്നിട്ടും ജുഡീഷ്യൽ കമ്മിഷൻ മണിക്കൂറുകൾ വിസ്തരിച്ചിട്ടും ആ സ്വകാര്യ സംഭാഷണം എന്തെന്ന് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. സ്വന്തം സുരക്ഷയും ആത്മാഭിമാനവും അപകടത്തിലായിട്ടു പോലും ഒരു തന്നെ വിശ്വസിച്ച് ഏല്പിച്ച ഒരു രഹസ്യം കാത്തു സൂക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമം സമാനതകളില്ലാത്തതാണ്.
അധികാര സ്ഥാനങ്ങളിൽ നിന്നെല്ലാം വിട്ട് എം എൽ എ ആയി കഴിഞ്ഞ അവസാന വർഷങ്ങളിലും ഇടക്കൊക്കെ അദ്ദേഹത്തിന്റെ ലാൻഡ് ഫോണിൽ നിന്ന് വിളി വരുമായിരുന്നു. പത്രത്തിൽ വന്ന ഏതെങ്കിലും വാർത്തയിലെ പ്രശ്നത്തെപ്പറ്റി പറയാനോ അല്ലെങ്കിൽ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ട ആരോ പറഞ്ഞ പരാതി മാധ്യമ ശ്രദ്ധ അർഹിക്കുന്നതെന്നു കണ്ടു അത് അറിയിക്കാനോ ഒക്കെ ആയിരുന്നു ആ വിളികൾ.
അവസാനം അദ്ദേഹത്തെ അടുത്ത് കാണുന്നത് നാലു വർഷം മുൻപാണ്. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വൈകി എത്തിയതായിരുന്നു ഞാൻ. നേരത്തെ അവിടെ വന്ന, വരന്റെ ബന്ധു കൂടിയായ ഉമ്മൻ ചാണ്ടി പോയിട്ടില്ലായിരുന്നു. പന്തലിന്റെ ഒരു മൂലയിൽ പ്‌ളാസ്റ്റിക് കസേര വലിച്ചിട്ടിരുന്ന് ബിജെപി സർക്കാരിന്റെ മാധ്യമ വേട്ടയെ പറ്റി ഞങ്ങൾ സംസാരിച്ചു. എന്തുകൊണ്ടാണ് ഞാൻ അന്ന് ജോലി ചെയ്തിരുന്ന സ്ഥാപനം ഉൾപ്പെടെ കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുക്കുന്നതെന്നും ഏതു രീതിയിലാണ് കേന്ദ്രം അധികാരം ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കുന്നതെന്നുമൊക്കെ എന്നോട് വിശദമായി ചോദിച്ചു. അറിയാവുന്ന ഓഫ് ദ റെക്കോർഡ് കഥകൾ ഞാൻ പറഞ്ഞുകൊടുത്തു.
സത്യത്തിൽ കേന്ദ്രത്തെ ചാരി അദ്ദേഹം ഞാനുൾപ്പെടെ ഇവിടെയുള്ള മാധ്യമ പ്രവർത്തകരെ ഗൂഢമായി പരിഹസിക്കുകയായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്
സത്യത്തിൽ കേന്ദ്രത്തെ ചാരി അദ്ദേഹം ഞാനുൾപ്പെടെ ഇവിടെയുള്ള മാധ്യമ പ്രവർത്തകരെ ഗൂഢമായി പരിഹസിക്കുകയായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറിയറ്റിൽ കയറിയിറങ്ങി നടന്ന റിപോർട്ടർമാർ, എല്ലാ ആഴ്ചയിലും വാർത്താ സമ്മേളനങ്ങളിൽ വന്ന് ചാട്ടുളി പോലെ ചോദ്യം ചോദിച്ച് ആനന്ദിച്ചിരുന്ന ദോഷൈകദൃക്കുകൾ, എന്ത് സംശയവും എപ്പോഴും വിളിച്ചു ചോദിച്ചാൽ ഉത്തരം നൽകിയിരുന്ന മീഡിയ ടീം, അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിൽ നേരിട്ട് സംസാരിച്ച് മാധ്യമങ്ങൾക്ക് ആശയ വ്യക്തത നൽകിയിരുന്ന മുഖ്യമന്ത്രി. ആ ഗതകാല പ്രതാപം പൂർണമായും ക്ഷയിച്ചല്ലോ എന്നത് അദ്ദേഹം പറയാതെ പറയുകയായിരുന്നു. മോഡിയുടെ മീഡിയ റൂൾ ബുക്ക് ഒരു ടൂൾ ആയി അദ്ദേഹം സമർത്ഥമായി ഉന്നയിക്കുകയായിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും വ്യക്തമാകുകയും ചെയ്തു!