ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി വിമർശിച്ച എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി കൊല്ലം അയത്തിൽ സ്വദേശി അഡ്വ. രാകേഷ് കെ രാജനാണ് അപേക്ഷ നൽകിയത്.
കേന്ദ്ര സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നായിരുന്നു സാനുവിന്റെ പരാമർശം. ഇത് കോടതിയലക്ഷ്യമാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ജൂലൈ നാലിന് സാനു നടത്തിയ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകളുടെ പകർപ്പും ഹർജിക്കാരൻ ഹാജരാക്കി.
വ്യക്തികൾക്കെതിരായ വിമർശനങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കാൻ എജിയുടെ അനുമതി ആവശ്യമാണ്. മാധ്യമ ശ്രദ്ധ ലഭിക്കാൻ ന്യായാധിപൻമാരെ വ്യക്തിപരമായി വിമർശിക്കുന്ന പ്രവണത വർധിക്കുന്നതായും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇതു തകർക്കുന്നതായും അപേക്ഷയിൽ പറയുന്നു. എജിയുടെ അനുമതി ലഭിച്ചാൽ മാത്രമേ കോടതിയലക്ഷ്യ നടപടി തുടരാനാകൂ.