ഈ മാസം 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നടത്താനിരുന്ന സൂചനാ പണിമുടക്ക് പിൻവലിച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റി വയ്ക്കാനുളള തീരുമാനം. നേരത്തെ, മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്ന കമ്പനികളുടെ നീക്കത്തിനെതിരെ ഡീലർമാർ ഒന്നിലധികം തവണ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ കമ്പനികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്. എല്ലാ റീട്ടയ്‌ലേഴ്‌സിനും ഇന്ധന ലഭ്യത ഉറപ്പാക്കാൻ കമ്പനികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും നേരത്തെ തന്നെ ഉയർന്നിരുന്നു.