നിയമ നിര്‍മാണസഭാംഗങ്ങള്‍ അംഗത്വം രാജിവെയ്ക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ 25,000 രൂപ പിഴയടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. തുടര്‍ന്നാണ് അഭിഭാഷകനായ ബി എ ആളൂര്‍ പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേരളത്തില്‍ മാത്രം കേന്ദ്ര സഹമന്ത്രി ഉള്‍പ്പടെ ഏഴ് പേര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നു. ഇത് ജനങ്ങളുടെ നികുതിപ്പണം കവരുന്നതാണെന്ന ഹര്‍ജിക്കാരനായ കെ ഒ ജോണിയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.
നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിംഗ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്ക്കാതെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമർപ്പിച്ചത്. ഭരണഘടനയുടെ അനുഛേദം 191 ന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും അന്തസത്തയ്ക്ക് എതിരായ പ്രവണതയ്ക്ക് തടയിടാന്‍ വേണ്ട ചട്ടങ്ങളും നിയന്ത്രണങ്ങളും രൂപകല്‍പന ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരനായ കെ ഒ ജോണി ആവശ്യപ്പെട്ടിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഉള്ള പദവി രാജി വയ്ക്കാതെ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഇത്തരം രീതിക്ക് അറുതി വരുത്തണം.
കേരളത്തില്‍ മാത്രം കേന്ദ്ര മന്ത്രി ഉള്‍പ്പടെ ഇത്തരത്തില്‍ 7 പേര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു വോട്ടര്‍ എന്ന നിലയിലും നികുതി ദായകനെന്ന നിലയിലും തന്റെയും സഹ പൗരന്‍മാരുടേയും അവകാശങ്ങളെ കവര്‍ന്നെടുക്കലാണ് എന്ന് ജോണി ഹര്‍ജിയില്‍ പറഞ്ഞു.
ഈ ഏഴുപേരുടെയും നാമനിര്‍ദ്ദേശപത്രിക അവര്‍ ഇപ്പോഴുള്ള പദവി രാജിവയ്ക്കും വരെ പരിഗണിക്കരുത് എന്ന് ഇടക്കാല ആവശ്യവും ജോണി ഉന്നയിച്ചിരുന്നു.