നാലമ്പല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി അവിചാരിതമായി പുതുപ്പള്ളി സന്ദര്‍ശനം. അവിടെയെത്തിയപ്പോൾ കണ്ടത്, ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലേക്ക് എത്തുന്ന നൂറുകണക്കിന് ആളുകളെ. ആ അമ്പരപ്പ് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ പ്രശാന്തനെ എത്തിച്ചത് പുതുപ്പള്ളിയിലേക്ക് തീര്‍ത്ഥാടന പാക്കേജ് എന്ന ആശയത്തിലാണ്. ഇന്ന് ആദ്യ ട്രിപ്പ് പുറപ്പെടുകയും ചെയ്തു.
ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് തീര്‍ത്ഥാടന പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ നാലമ്പല ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്ന കമ്പനിയാണ് വിശ്വശ്രീ. ജൂലൈ 30ന് നാലമ്പല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി അവിചാരിതമായാണ് സംഘം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സന്ദര്‍ശിക്കുന്നത്. മരണശേഷവും ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് ലഭിക്കുന്ന സ്വീകാര്യതയും ജനപിന്തുണയും പ്രശാന്തനെ അമ്പരപ്പിച്ചു.
പള്ളി സന്ദര്‍ശിച്ച വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവര്‍ പോലും കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഇനിയും പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തതോടെയാണ് തീര്‍ത്ഥാടന പാക്കേജ് സംഘടിപ്പിച്ചതെന്ന് പ്രശാന്തന്‍ പറഞ്ഞു. ആറ്റിങ്ങലില്‍നിന്ന് പുതുപ്പള്ളിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നുവെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രശാന്തന്‍ പറഞ്ഞു.
500 രൂപയാണ് പുതുപ്പള്ളി യാത്രയ്ക്ക് ഈടാക്കുന്നത്. പുതുപ്പള്ളി ദേവാലയം സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുള്ള എന്നാല്‍ ഇത്രയും തുക നല്‍കാനില്ലാത്ത ആളുകള്‍ക്ക് സൗജന്യ യാത്രയും വിശ്വശ്രീ ട്രാവല്‍സ് വാഗ്ദാനം ചെയ്യുന്നു.
ഇന്ന് രാവിലെ ഏഴിനാണ് ആദ്യ ട്രിപ്പ് ആരംഭിച്ചത്. ആറ്റിങ്ങലില്‍നിന്ന് പുറപ്പെട്ട് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാത്രി തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ പുതുപ്പള്ളിയിലേക്ക് കൂടുതല്‍ യാത്രകള്‍ ക്രമീകരിക്കുന്നത് ആലോചനയിലുണ്ടെന്ന് പ്രശാന്തന്‍ പറഞ്ഞു.