ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരള ഹൈക്കോടതി. ഭക്ഷണം, വെള്ളം തുടങ്ങിയവ നൽകാൻ ദേവസ്വം ബോർഡും പോലീസും ഇടപെടണം. ശബരിമല ഭക്തജന തിരക്ക് നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ ഡിജിപി നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവരും സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന കാര്യം സർക്കാർ വിശദീകരിച്ചു. അവധി ദിനത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് പ്രത്യേക സിറ്റിങ് ചേർന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സർക്കാരിന് നേരത്തെ കോടതി നിർദേശങ്ങൾ നൽകിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പറഞ്ഞ കോടതി, ബുക്ക് ചെയ്യാതെ വരുന്നവരെ കടത്തിവിടരുതെന്ന് നിര്‍ദേശിച്ചിരുന്നു . ശബരിമലയിലെ തിരക്ക് സംബന്ധിച്ച് എഡിജിപിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.