KERALA

അവിടെ വിലവർധന, ഇവിടെ വാർഷികാഘോഷം; പിണറായിക്ക് ഫേസ്ബുക്കിൽ ആയിരം കലം പൊങ്കാല

ആദര്‍ശ് ജയമോഹന്‍

പെട്രോൾ, ഡീസൽ അധിക സെസ് ഉൾപ്പെടെയുള്ള ബജറ്റ് നിർദേശങ്ങൾ പ്രാബല്യത്തിൽ വന്ന ഇന്ന് തന്നെ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  ഖജനാവ് കാലിയായതിനാൽ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നൽകാനുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ചിരിക്കുന്ന അവസ്ഥയിലും വാർഷികാഘോഷത്തിനായി 50 കോടി രൂപ മാറ്റിവച്ചത് കടുത്ത വിമർശനത്തിനാണ് വഴി തെളിച്ചിരിക്കുന്നത്. 

പ്രദര്‍ശന- വിപണന മേളകളോടെ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ തന്നെ ഒരുക്കിയ കലത്തില്‍ ജനങ്ങള്‍ പൊങ്കാലയിടുന്ന കാഴ്ചയാണ് കമന്റ് ബോക്‌സില്‍ കണ്ടത്.

വിമര്‍ശനങ്ങളും പരിഹാസങ്ങളും കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു കവിഞ്ഞു. മൂന്ന് മണിക്കൂര്‍ കൊണ്ട് 'സര്‍ക്കാര്‍ സ്വന്തമാക്കിയത്' മൂവായിരം ഹഹ റിയാക്ഷനുകളും 2,700 കമന്റും. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ആപ്തവാക്യവും 'നന്മയുള്ള ലോകമേ' ബിജിഎമ്മും കമന്റ് ബോക്‌സില്‍ പരിഹാസ ചുവയോടെ നിറഞ്ഞു. അധികാരത്തിലെത്തുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും 'തള്ളുകളും' അക്കമിട്ടു നിരത്തിയാണ് എല്‍ഡിഎഫ് ഭരണത്തെ ജനങ്ങള്‍ വിമര്‍ശിച്ചത്.

വാദപ്രതിവാദങ്ങള്‍ പതിയെ വാഗ്വാദങ്ങളിലേക്ക് മാറിയപ്പോള്‍ നിയമസഭയെ അനുസ്മരിപ്പിക്കും വിധത്തിലായി കമന്റ് ബോക്‌സ്

മുഖ്യമന്ത്രിയെ എതിര്‍ക്കുന്നവരെ കമന്റ് ബോക്‌സില്‍ നേരിടാന്‍ സൈബര്‍ സഖാക്കളും ഓണ്‍ലൈനെത്തിയതോടെ രംഗം സംഘര്‍ഷഭരിതം. പ്രതിപക്ഷം ഭരിച്ചിരുന്ന കാലത്തെ വിലവര്‍ധന ഉള്‍പ്പെടെയുള്ള ചരിത്ര പുസ്തകവുമായിട്ടായിരുന്നു സൈബര്‍ സഖാക്കളുടെ മാസ് എന്‍ട്രി. വാദപ്രതിവാദങ്ങള്‍ പതിയെ വാഗ്വാദങ്ങളിലേക്ക് മാറിയപ്പോള്‍ നിയമസഭയെ അനുസ്മരിപ്പിക്കും വിധത്തിലായി കമന്റ് ബോക്‌സ്.

വില  കൂടിയവയുടെ ലിസ്റ്റും അതുമൂലം സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ വ്യാപ്തിയും അക്കമിട്ടുനിരത്തിയാണ് ചിലര്‍ പോസ്റ്റിനെ വിമര്‍ശിക്കുന്നത്. ഇന്ധന വില ഉള്‍പ്പെടെ സമസ്ത മേഖലകളിലും വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്ന ഇന്നേ ദിവസം തന്നെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പോസ്റ്റിട്ടത് മരണവീട്ടില്‍ ഗാനമേള നടത്തുന്നതിന് സമാനമാണെന്നാണ് ചിലരുടെ അഭിപ്രായം. ലോക വിഡ്ഢി ദിനത്തോട് മുഖ്യമന്ത്രിയുടെ ഈ പോസ്റ്റ് നീതി പുലര്‍ത്തുന്നുണ്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ കുറിച്ചു.

പോലീസ് അതിക്രമവും ഗുണ്ടാവിളയാട്ടവും എസ്‌കോര്‍ട്ടും കറുത്ത വസ്ത്രത്തോടുള്ള അസഹിഷ്ണുതയും സംസ്ഥാനത്തിന്റെ കടബാധ്യതയും എണ്ണിപ്പറഞ്ഞുകൊണ്ട് ആയിരക്കണക്കിന് പേര്‍ കമന്റ് ബോക്‌സിലെത്തിയതോടെ ന്യായീകരണ കമന്റുകള്‍ അവയില്‍ മുങ്ങി. കെ -റെയിലും ബ്രഹ്‌മപുരം വിഷയവും ഉയര്‍ത്തിയും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു.

ന്യൂയോര്‍ക്ക് നിലവാരത്തിലേക്ക് ഇന്നുമുതല്‍ തങ്ങള്‍ എത്തുമെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും സാധനങ്ങളുടെ വില കുറയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്നുമുള്ള ആക്ഷേപഹാസ്യവും കമന്റ് ബോക്‌സിനെ കൂടുതല്‍ രസകരമാക്കി. ലോട്ടറി നിരക്ക് മാത്രം കൂടിയിട്ടില്ലെന്നും അത് ഓര്‍മിപ്പിച്ചുകൊള്ളുന്നുവെന്നും മറ്റൊരു വിരുതന്‍. 'പഴയ വിജയനെയും പുതിയ വിജയനെ'യും താരതമ്യപ്പെടുത്തിയും ചിലര്‍ കമന്റ് ബോക്‌സിലെത്തി.

രണ്ട് വര്‍ഷത്തെ മികച്ച ഭരണത്തിന് ഹാപ്പി ബര്‍ത്ത്‌ഡേ പറയേണ്ട ജനങ്ങള്‍ എതിര്‍പ്പ് പറഞ്ഞു തുടങ്ങിയതോടെ എല്‍ഡിഎഫ് അനുകൂലികള്‍ രംഗത്തെത്തി. കേരള വിരുദ്ധരുടെ വിലാപയാത്രയാണ് കമന്റ് ബോക്‌സിലെന്നും ഇനിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വാദിച്ച് ചിലരും വിരുന്നെത്തി.

കേന്ദ്രത്തിന്റെ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റമാണ് സര്‍ക്കാര്‍ നയിക്കുന്നതെന്നും സര്‍ക്കാര്‍ ജനകീയമായി മുന്നേറുന്നുവെന്നും വാദിച്ചുകൊണ്ടാണ് ചില സിപിഎം അനുകൂലികള്‍ കമന്റ് ബോക്‌സിലെത്തിയത്. പ്രതിപക്ഷവും മാധ്യമങ്ങളും കള്ള പ്രചരണങ്ങളും അനാവശ്യ സമരങ്ങളും നടത്തുന്നുവെന്നും വിമര്‍ശിക്കുന്നവരുണ്ട്.

ഇനിയും മൂന്ന് വര്‍ഷം സര്‍ക്കാരിനെ സഹിക്കണമെന്ന യുവതിയുടെ കമന്റിന് മറുപടിയായി ' ഇയാള്‍ സഹിക്കണ്ട, യുപിയിലേക്കോ ഗുജറാത്തിലേക്കോ വിട്ടോ'' എന്ന് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ഫേസ്ബുക്ക് ബയോയില്‍ കുറിച്ച ഒരു യുവാവിന്റെ ഉപദേശം.

ഇത്തരത്തില്‍ ആക്രമണവും പ്രത്യാക്രമണവുമായി മുന്നോട്ടു പോകുന്ന സമയത്താണ്, 50 കോടിയിലധികം രൂപ ഖജനാവില്‍ നിന്ന് മുടക്കി വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയത്. അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിന് തുല്യമാണിതെന്ന് കെ സുധാകരന്‍ പ്രസ്താവനയിറക്കി. വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരന്‍ വിമര്‍ശിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?