KERALA

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

വെബ് ഡെസ്ക്

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോൾ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽനിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍, പി ശശി മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. പി ശശി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതികള്‍ മുഖ്യമന്ത്രിയിലേക്കെത്തുന്നില്ല, പി ശശിയില്‍ വന്ന് തട്ടിനില്‍ക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി. ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കാണേലും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധംവെച്ച് വിളിച്ചുപറഞ്ഞാല്‍ മാറ്റാനാകില്ല.

ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാനേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിനും ചട്ടത്തിനും അനുസരിച്ച് നടപടിയുണ്ടാകും. അത് അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലും മുഖ്യമന്ത്രി പ്രതികരിച്ചു. എഡിജിപിയെ എന്റെ ഇടനിലക്കാരാനിട്ട് ചിത്രീകരിക്കാനാണല്ലോ പലരും പറയാൻ ശ്രമിച്ചത്. തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പോലീസുകാരെ ഉപയോഗിച്ചതിന്റെ മുൻകാല അനുഭവമായിരിക്കാം പ്രതിപക്ഷ നേതാവിനെ അത്തരമൊരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. അത്തരം ശൈലി ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂർ പൂരം സംബന്ധിച്ച് പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു, അത് പുരോഗമിക്കുകയാണ്. വിവരാവകാശകമ്മിഷന് മറുപടി നല്‍കിയത് വസ്തുതകള്‍ക്ക് അനുസരിച്ചല്ല. അത് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതും അദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണം നടത്താമെന്ന് തീരുമാനിച്ചതും. 24-ാം തീയതിക്ക് മുൻപായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എഡിജിപി അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസിന് പങ്കുണ്ടെന്നും അത് തൃശൂരിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സഹായിക്കാനാണെന്നും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പോലും പോലീസ് അട്ടിമറിച്ചെന്നും അതിന് പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ചിലര്‍ക്ക് ബന്ധമുണ്ടെന്നും പരസ്യമായി ആരോപിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍ ഇന്നലെ രംഗത്തുവന്നിരുന്നു.

എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ, വയനാട് ദുരിതാശ്വാസത്തിന് വേണ്ടി കേന്ദ്രത്തിന് സമർപ്പിച്ച എസ്റ്റിമേറ്റ് കണക്കുകളുമായി ബന്ധപ്പെട്ട ആക്ഷേപം, തൃശൂർ പൂരം സംബന്ധിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയുമായാ വിഎസ് സുനില്‍കുമാർ കഴിഞ്ഞദിവസം നടത്തിയ തുറന്നുപറച്ചിൽ എന്നിവയെല്ലാം ചർച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

ചെപ്പോക്കില്‍ ബംഗ്ലാദേശ് പൊരുതുന്നു; ആറ് വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് ജയം

ഷിരൂര്‍ പുഴയില്‍ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആക്ഷന്‍ കമ്മിറ്റി അംഗം; ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത് സഹോദരന്‍, ലോറന്‍സ് എന്ന മാര്‍ക്‌സിസ്റ്റ്

ഗില്ലിന്റെ 'പന്താട്ടം', ഇന്ത്യയുടെ സർവാധിപത്യം; ചെപ്പോക്കില്‍ ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം