KERALA

'സ്വർണക്കടത്തുകാരെ പിടിക്കുമ്പോള്‍ ചിലർക്ക് പൊള്ളുന്നത് എന്തിന്?'; വർഗീയ ശക്തികളെയാണ് എതിർക്കുന്നത്, ഒരുമതവിഭാഗത്തെയല്ലെന്നും മുഖ്യമന്ത്രി

കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിർമ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന നിർവഹിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാഷ്ട്രീയവിശദീകരണം

വെബ് ഡെസ്ക്

ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തില്‍ വിശദീകരണവും പി വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിർമ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന നിർവഹിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാഷ്ട്രീയവിശദീകരണം.

"ഞാൻ പറയാത്തൊരു ഭാഗം ദ ഹിന്ദു കൊടുക്കുന്ന ഒരുനില വന്നു. അത് വന്നപ്പൊ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവരെ ബന്ധപ്പെടുകയും ചെയ്തു. അവരുടെ വിശദീകരണം വന്നതായാണ് ഞാൻ മനസിലാക്കുന്നത്. ഞാനത് കണ്ടിട്ടില്ല. എങ്കിലും വീഴ്ചപറ്റിയതായി അവർ സമ്മതിച്ചതായാണ് മനസിലാക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലുമൊരു ജില്ലയേയോ മതവിഭാഗത്തേയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന ഒരു സമീപനം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ ഭാഗത്തുനിന്ന് അത്തരം പരാമർശങ്ങളുണ്ടാകാറില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതെല്ലാം പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതകളാണ്," മുഖ്യമന്ത്രി വ്യക്തമാക്കി.

"ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്. അത് തെറ്റായ കാര്യങ്ങള്‍ക്കെതിരെയാണ്. അത് വർഗീയതയ്ക്കും വർഗീയശക്തികള്‍ക്കുമെതിരെയാണ്. വർഗീയ ശക്തികളെ തുറന്നെതിർക്കുകയാണുള്ളത്. ആ വർഗീയ ശക്തിയെന്ന് പറയുന്നത് ഒരു പ്രത്യേക മതവിഭാഗമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്നത് ആർഎസ്എസാണ്. അവരെ എതിർക്കാറുണ്ട്. അതിനർത്ഥം ഹിന്ദുക്കളെ ആകെ എതിർക്കുന്നുവെന്നല്ല. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെയാണ് എതിർക്കുന്നത്. അല്ലാതെ വിഭാഗങ്ങളെയല്ല. വർഗീയതയ്ക്ക് അടിമപ്പെട്ടിരിക്കുന്ന വിഭാഗമുണ്ട്, അവരെ ഒറ്റപ്പെടുത്തണം," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുകള്‍ മലപ്പുറം ജില്ലയിലാണ് രജിസ്റ്റർ ചെയ്യാറുള്ളത്. അത് ജില്ലക്ക് എതിരായുള്ള കാര്യമല്ല. ആ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ്, അതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 മുതലുള്ള സ്വർണക്കടത്ത്, കേരളത്തില്‍ ആകെ പിടിക്കപ്പെട്ടത് 147 കിലോഗ്രാമിലധികം സ്വർണമാണ്. ഇതില്‍ 124 കിലോഗ്രാമും കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ്. 2020ലും 2021ലും കോവിഡ് കാലമായിരുന്നു, വിമാനങ്ങളും കുറവായിരുന്നു. 2022ല്‍ കരിപ്പൂരില്‍ പിടിച്ചെടുത്തത് 73.31 കിലോയുടെ സ്വർണമാണ്. 37.96 കോടി രൂപയുടെ സ്വർണം. 2023ല്‍ 40 കേസുകള്‍, 31.81 കിലോഗ്രാം സ്വർണം പിടികൂടി. 2024ല്‍ 26 കേസുകള്‍, 17 കിലോഗ്രാം സ്വർണം പിടികൂടി. ആകെ 156 കേസുകള്‍, 123.99 കിലോഗ്രാം സ്വർണം പിടികൂടി. ഇതാണ് സ്വർണത്തിന്റെ കണക്ക്.

സംസ്ഥാനത്ത് പിടികൂടിയതില്‍ ഏറ്റവും കൂടുതല്‍ ഇവിടെയാണ് എന്നത് വസ്തുതയാണ്. ഹവാല പണം പിടിച്ച കണക്കും പറഞ്ഞു. 122 കോടിയാണ് മൊത്തം പിടിച്ചത്. ഇതില്‍ 87 കോടിയും മലപ്പുറത്തുനിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട സ്വീകരിച്ച നടപടികള്‍, തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കകുയാണ്. സ്വർണക്കടത്തുകാർ, ഹവാല ഇടപാടുകാർ അവരെ പിടികൂടുമ്പോള്‍ എന്തിനാണ് ചിലർക്ക് പൊള്ളുന്നത്. ഇത് രാജ്യത്ത് നടക്കാൻ പാടില്ലാത്ത കാര്യമാണല്ലോ. നിയമസംവിധാനത്തിന്റെ പ്രവർത്തനത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അത് തിരുത്താനല്ലെ പറയേണ്ടത്. ഇതിനൊന്നും എതിരായി പോലീസ് നടപടിയെടുക്കെണ്ട എന്ന് വിമർശനം ഉന്നയിക്കുന്നവർ കരുതുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റ് അത്, ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു