KERALA

വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും; ചൂരല്‍മലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വെബ് ഡെസ്ക്

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കനത്തനാശം വിതച്ച വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിന്‌റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘത്തിലുണ്ട്.

ദൂരന്തഭൂമിയില്‍ സൈന്യം തയ്യാറാക്കിയ പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു. സര്‍വകക്ഷി യോഗത്തിനു ശേഷം ചൂരല്‍മലയിലെത്തിയ പിണറായി വിജയന്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണഘട്ടങ്ങള്‍ വിലയിരുത്തി. ശേഷം ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ദുരിതബാധിതരെയും സന്ദര്‍ശിച്ചു.

വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസും

ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം ദുരന്തബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപില്‍ രാഹുലും പ്രിയങ്കയും എത്തി അവരെ ആശ്വസിപ്പിച്ചു. പരുക്കേറ്റവര്‍ ചികിത്സയിലുള്ള വിംസ് ഹോസ്പിറ്റലും രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നുണ്ട്.

ഉരുള്‍പൊട്ടലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കളക്ടറുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന് അനുശോചനം അറിയിച്ച അദ്ദേഹം വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് ഇറങ്ങണമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ചൂരല്‍മല മുണ്ടക്കൈ മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വനം, പട്ടികജാതി, റവന്യൂ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതിയാണ് പ്രവര്‍ത്തിക്കുക. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, റവന്യുമന്ത്രി കെ രാജൻ, പിഡബ്ള്യുഡി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവർഗമന്ത്രി ഒ ആർ കേളു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനവും വയനാട് കേന്ദ്രീകരിച്ച് തുടരും. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

ചൂരല്‍മലയിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ത ഗാന്ധിയും

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച സര്‍വകക്ഷിയോഗം കാര്യങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരുമെന്നും പറഞ്ഞു. ഒറ്റപ്പെട്ടവരെ മുഴുവനായും രക്ഷപ്പെടുത്താൻ സാധിച്ചു എന്നും സൈന്യം സ്തുത്യർഹമായ പ്രവർത്തനം ചെയ്‌തെന്നും പിണറായി വിജയന്‍ പറഞ്ഞു. മരിച്ചവരുടെ ചിതറിയ ശരീരങ്ങളാണ് പലയിടങ്ങളിൽ നിന്നായി ലഭിച്ചതെന്നും, മണ്ണ് നീക്കം ചെയ്ത് മൃതദേഹങ്ങൾ കണ്ടെത്താൻ കാലതാമസം വന്നത് ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തത്തുമൂലമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ബെയ്‌ലി പാലം വരുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്